 ക്യാമ്പിൽ കഴിയുന്നവർ1051
 364 കുടുംബങ്ങളെ ഒഴിപ്പിച്ചു

കൊച്ചി: 'മഹാ" ചുഴലിയിൽ കലി തുള്ളിയ കടൽ കൊച്ചിയുടെ തീര പ്രദേശങ്ങളിൽ വ്യാപകമായ നാശനഷ്‌ടങ്ങളുണ്ടാക്കി. ചെല്ലാനം, എടവനക്കാട് തീരപ്രദേശങ്ങളിൽ നിന്നായി 364 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു. ഫോർട്ടുകൊച്ചി കമാലക്കടവിൽ ശക്തമായ തിരമാലയിൽ പത്ത് മത്സ്യബന്ധന വള്ളങ്ങൾ തകർന്നു.
കടൽക്ഷോഭം രൂക്ഷമായ ചെല്ലാനത്ത് ദേശീയ ദുരന്ത നിവാരണ സേനയിലെ 20 അംഗ സംഘമെത്തി. ചെല്ലാനത്തെ ലിയോ പബ്‌ളിക് സ്‌കൂളിലാണ് ഇവർ ക്യാമ്പ് ചെയ്യുന്നത്. കൊച്ചി താലൂക്കിലെ നാല് ദുരിതശ്വാസ ക്യാമ്പുകളിലായി 841 പേരാണ് കഴിയുന്നത്. താന്തോന്നി തുരുത്തിലെ 54 കുടുംബങ്ങളിൽ നിന്നായി 210 പേരെ ചാത്യാത്ത് എൽ.എം.സി.ജി എച്ച്.എസിലേക്ക് മാറ്റി പാർപ്പിച്ചു. ഇതോടെ ക്യാമ്പിൽ കഴിയുന്നവരുടെ എണ്ണം 1051 ആയി.
വ്യാഴാഴ്ച പുലർച്ചെ ആഞ്ഞടിച്ച തിരമാലയിൽ ചെല്ലാനം, എടവനക്കാട് ഭാഗങ്ങളിലെ 20 ലധികം വീടുകൾ ഭാഗികമായി തകർന്നു. 250 ലധികം വീടുകളിൽ വെള്ളം കയറി. ബുധനാഴ്ച വൈകിട്ടോടെയാണ് അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിൽ രൂപംകൊണ്ട അതിതീവ്ര ന്യൂനമർദ്ദം മഹാ ചുഴലിക്കാറ്റായി മാറിയത്. ലക്ഷദ്വീപിലേക്കുള്ള കപ്പൽ - വിമാന സർവ്വീസുകൾ റദ്ദാക്കി. ഇവിടെ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
 നായരമ്പലം ദേവീ വിലാസം എൽ.പി. സ്‌കൂൾ 210 കുടുംബങ്ങളിൽ നിന്ന് 525 പേർ
 നായരമ്പലം ഭഗവതി വിലാസം ഹയർസെക്കൻഡറി സ്‌കൂളിൽ75 കുടുംബങ്ങളിൽ നിന്ന് 220 പേർ
 എടവനക്കാട് ഗവ. യു.പി.സ്‌കൂളിൽ 15 കുടുംബങ്ങളിൽ നിന്ന് 55 പേർ
 ഞാറയ്‌ക്കൽ ഫിഷറീസ് സ്‌കൂളിൽ 10 കുടുംബങ്ങളിൽ നിന്ന് 41 പേർ

 ഇന്ന് അവധി
തീരദേശത്ത് കടൽക്ഷോഭവും പ്രതികൂല കാലാവസ്ഥയും തുടരുന്നതിനാൽ കൊച്ചി, കണയന്നൂർ താലൂക്കുകളിലെ പ്രൊഫഷണൽ കോളെേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (നവംബർ 01) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു.