കൊച്ചി : മരട് ഫ്ളാറ്റ് തട്ടിപ്പു കേസിൽ അറസ്റ്റിലായ ആൽഫ വെഞ്ച്വേഴ്സ് കമ്പനിയുടെ എം.ഡി പോൾ രാജിനെ വിശദമായി ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം നൽകിയ അപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതി ഇന്നു പരിഗണിക്കും. ഫ്ളാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചു കൂടുതൽ അറിയാൻ പോൾരാജിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് അപേക്ഷയിൽ പറയുന്നത്. തീരപരിപാലന നിയമം ലംഘിച്ചു ഫ്ളാറ്റു നിർമ്മിച്ചു വിറ്റ് തട്ടിപ്പു നടത്തിയെന്ന കേസിൽ ഹോളി ഫെയ്ത്ത് ബിൽഡേഴ്സ് ഉടമ സാനി ഫ്രാൻസിസ്, മരട് പഞ്ചായത്ത് ജീവനക്കാരായ മുഹമ്മദ് അഷറഫ്, പി.ഇ. ജോസഫ് എന്നിവരും അറസ്റ്റിലായിരുന്നു. ഇവരുടെ ജാമ്യാപേക്ഷ നവംബർ എട്ടിന് കോടതി പരിഗണിക്കുന്നുണ്ട്.