മുൻകാലങ്ങളിൽ എസ്‌റ്റേറ്റുള്ളവരും വൻകിടക്കാരുമായിരുന്നു തോക്കിന് ലൈസൻസിനായി അപേക്ഷിച്ചിരുന്നത്. എന്നാൽ അടുത്ത നാളുകളിലായി സാധാരണക്കാരും യുവാക്കളുമാണ് കൂടുതലായും അപേക്ഷിക്കുന്നത്
തൊടുപുഴ: നിയമപരമായി തോക്ക് കൈവശം വെച്ചിരിക്കുന്നവരുടേയും തോക്ക് കൈവശം വെക്കാനുളള ലൈസൻസിന് അപേക്ഷിക്കുന്നവരുടേയും എണ്ണം ജില്ലയിൽ ക്രമാതീതമായി ഉയരുന്നു.ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്ന കാരണം പറഞ്ഞാണ് തോക്കുപയോഗിക്കുന്നതിനുള്ള അനുമതിക്കായി വ്യക്തികൾ അപേക്ഷ നൽകുന്നത്.മുൻകാലങ്ങളിൽ എസ്‌റ്റേറ്റുള്ളവരും വൻകിടക്കാരുമായിരുന്നു തോക്കിന് ലൈസൻസിനായി അപേക്ഷിച്ചിരുന്നത്. എന്നാൽ അടുത്ത നാളുകളിലായി സാധാരണക്കാരും യുവാക്കളുമാണ് കൂടുതലായും അപേക്ഷിക്കുന്നത്. സ്വയ രക്ഷയ്‌ക്കെന്ന പേരിൽ ലൈസൻസ് സമ്പാദിച്ച ശേഷം സിങ്കിൾ ബാരൽ, ഡബിൾ ബാരൽ തോക്കുകളാണ് പലരും ഉപയോഗിക്കുന്നത്. ഇത്തരം തോക്കുപയോഗിക്കുന്നതിന് പരിശീലനം ആവശ്യമാണ്. എന്നാൽ തോക്കുപയോഗിക്കുന്നതിനാവശ്യമായ പരിശീലനം ലഭിക്കാതെ ഇത്തരം തോക്കുകൾ ഉപയോഗിക്കുന്നത് കൂടുതൽ അപകടങ്ങളുണ്ടാകാൻ സാദ്ധ്യതയുണ്ടന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു.
എ.ടി.എമ്മുകളിൽ പണം നിറയ്ക്കാൻ പോകുന്ന സ്വകാര്യ വാഹനങ്ങളിലെ ജീവനക്കാർ ഇത്തരത്തിൽ ലൈസൻസ് ലഭിച്ച തോക്കുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. സ്വകാര്യാവശ്യത്തിന് സമ്പാദിച്ച ലൈസൻസാണ് പലരും ഇത്തരം വാഹനങ്ങളിലും ഉപയോഗിക്കുന്നത്.
എക്സ് സർവീസ്മാൻമാർക്ക് മാത്രമേ ഡബിൾ ബാരൽ തോക്കുപയോഗിക്കാൻ നിയമപരമായി കഴിയുകയുള്ളൂ.റവന്യൂ വകുപ്പിലാണ് ലൈസൻസിന് അപേക്ഷ നൽകുന്നതെങ്കിലും പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്നത്.
തോക്ക് നൽകുന്നത്
തോക്കിന്അപേക്ഷിച്ചയാൾ കുറ്റവാളിയാണോ, ഏതെങ്കിലും കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങിയ വിവരങ്ങൾ അന്വേഷിച്ച ശേഷം നൽകുന്ന റിപ്പോർട്ടനുസരിച്ചാണ് റവന്യൂ വകുപ്പ് ലൈസൻസ് നൽകുന്നത്. ലൈസൻസിന് അപേക്ഷിച്ചയാൾ വനം വകുപ്പുമായോ നായാട്ടു സംബന്ധിച്ചോ കേസുകളുണ്ടോയെന്ന് പ്രത്യേകം അന്വേഷിക്കും.ജില്ലയിൽ ലൈസൻസില്ലാതെ വ്യാജ തോക്കുപയോഗിക്കുന്നവരുമുണ്ട്.
അടുത്ത നാളുകളിലായി തോക്കിന്റെ ലൈസൻസിന് അപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നത് സംബന്ധിച്ചും ലൈസൻസ് കിട്ടിയവർ ദുർവിനിയോഗം ചെയ്യുന്നുണ്ടോയെന്നും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അനധികൃത തോക്ക് നിർമ്മാണം സജീവം -
തോക്ക് ഉപയോഗിക്കാൻ ലൈസൻസിന് വേണ്ടി അപേക്ഷിക്കുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിനനുസരിച്ച് ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ അനധികൃത തോക്ക് നിർമ്മാണവും വർദ്ധിച്ചിട്ടുണ്ട്.തൊടുപുഴ നഗരത്തിലും സമീപ പഞ്ചായത്ത് പ്രദേശങ്ങളിലും അനധികൃത തോക്ക് നിർമ്മാണ സ്ഥലങ്ങൾ അടുത്ത നാളിൽ പൊലീസ് റെയ്ഡ് ചെയ്ത് ഇതിന്റെ പിന്നിലുളളവരെ അടുത്ത നാളുകളിൽ പിടി കൂടുകയും ഇവരിൽ നിന്ന് തോക്ക് നിർമ്മാണത്തിന് ഉപയോഗിക്കുന്ന വസ്തു വകകൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.പൊലീസ് പിടികൂടിയ ചിലർ ജയിൽ ശിക്ഷ അനുഭവിക്കുയും ചെയ്തിട്ടുമുണ്ട് .ജയിലിൽ നിന്ന് പുറത്തിറങ്ങിയവരിൽ ചിലരാണ് നിയമത്തെ വെല്ലു വിളിച്ച് അനധികൃത തോക്ക് നിർമ്മാണം വ്യാപകമായി നടത്തുന്നതെന്നാണ് സൂചന.