തൊടുപുഴ : വഴികാട്ടാൻ വാഗമൺ പദ്ധതിയ്ക്കു മുന്നോടിയായി സംഘടിപ്പിക്കുന്ന മെഗാ വൺ ടൈം ക്ലീനിംഗ് ഇന്ന് രാവിലെ 8.30ന് വാഗമൺ ടൂറിസം കേന്ദ്രങ്ങളിൽ നടക്കും. ഗാന്ധി ജയന്തി വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ഇതുമായി സംയോജിപ്പിച്ചിട്ടുണ്ട്. കോലാഹലമേട്, പുള്ളിക്കാനം, വാഗമൺ വാർഡുകളിലായി പരന്നുകിടക്കുന്ന മൊട്ടക്കുന്നടക്കമുള്ള പ്രദേശങ്ങളിൽ നടക്കുന്ന ജനകീയ ശുചീകരണ പ്രവർത്തനങ്ങളിൽ കോൺഗ്രസ്, സിപിഎം, സിപിഐ,യൂത്ത്‌കോൺഗ്രസ്, ഡിവൈഎഫ്‌ഐ,പ്രവർത്തകർ ഉൾപ്പടെ 1500ഓളം പേർ അണിനിരക്കും.മൂന്നു വാർഡുകളിലായി 14 പോയിന്റുകളിലാണ് ജനകീയ ശുചീകരണം നടത്തുക.വൃത്തിയാക്കുന്ന ഇടങ്ങളിൽ വീണ്ടും മാലിന്യം വലിച്ചെറിയാൻ അനുവദിക്കില്ല.പഞ്ചായത്തിൽ പ്ലാസ്റ്റിക്കും ഡിസ്‌പോസിബിളുകളും ജില്ലാ ഭരണകൂടം നിരോധിച്ചിട്ടുണ്ട്.മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ കർശന നിയമനടപടിയുണ്ടാകും.
ഏലപ്പാറ ഗ്രാമപ്പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിലെ സ്‌കൗട്സ് ആന്റ് ഗൈഡ്സ് അടക്കമുള്ള വിദ്യാർഥികളും അദ്ധ്യാപകരും പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളും പങ്കെടുക്കുമെന്ന് വാഗമൺ വാർഡ് മെംബർ എം പി മിനിമോൾ എന്നിവർ അറിയിച്ചു. വാഗമൺ പൊലിസ് സ്‌റ്റേഷനു മുന്നിലെ പൊതുമാർക്കറ്റിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ഇ എസ് ബിജിമോൾ എംഎൽഎ മെഗാ വൺടൈം ക്ലീനിംഗ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യും.ഏലപ്പാറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആർ രാജേന്ദ്രൻ അദ്ധ്യക്ഷനാകും.