തൊടുപുഴ: ബാറിലെ സംഘർഷം തീർക്കാനെത്തിയ എസ്.ഐയെയും രണ്ട് പൊലീസുകാരെയും മദ്യപസംഘം മർദിച്ചു. തൊടുപുഴ എസ്.ഐ എം.പി സാഗർ,​ ഡ്രൈവർ സി.പി.ഒ രോഹിത്,​ സി.പിഒ സ്മിനു എന്നിവർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ രണ്ട് കരസേന ജീവനക്കാരടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ ഈസ്റ്റ് നൈനാര് പള്ളിക്ക് സമീപം താമസിക്കുന്ന പുത്തൻപുരയിൽ കൃഷ്ണകുമാർ (31)​,​ മുതലയാർമഠം കാരകുന്നേൽ വീട്ടിൽ അരുൺ കെ. ഷാജി (28)​,​ അനിയൻ അമൽ കെ. ഷാജി (23)​,​ കെ.കെ.ആർ ജംഗ്ഷൻ തൊട്ടിപറമ്പിൽ വിഷ്ണു (22) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി 11.30ന് തൊടുപുഴ ജോആൻസ് ബാറിന് സമീപമായിരുന്നു സംഭവം. അറസ്റ്റിലായ നാല് പേരും ബാറിൽ മദ്യപിക്കുന്നതിനിടെ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് നൈറ്റ് പ്രടോളിംഗിലായിരുന്ന എസ്.ഐ എം.പി സാഗറും ഡ്രൈവർ സി.പി.ഒ രോഹിതും സ്ഥലത്തെത്തി. ഇരു കൂട്ടരെയും പിടികൂടാൻ ശ്രമിക്കുന്നതിനിടെ എസ്.ഐയെ സംഘം ആക്രമിക്കുകയായിരുന്നു. പിടിച്ചുമാറ്റാനുള്ള ശ്രമത്തിനിടെ സി.പി.ഒ രോഹിതിനും മർദനമേറ്റു. തുടർന്ന് എസ്.ഐ വിളിച്ചറിയിച്ചതനുസരിച്ച് കൂടുതൽ പൊലീസ് സംഘമെത്തിയാണ് പ്രതികളെ കീഴ്പ്പെടുത്തിയത്. ഇതിനിടെയാണ് സി.പി.ഒ സ്മിനുവിന് മർദനമേറ്റത്. മർദനത്തിൽ പരിക്കേറ്റ എസ്.ഐയും ഡ്രൈവറും ആശുപത്രിയിൽ ചികിത്സ തേടി. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പൊലീസിനെ മർദ്ദിച്ചതിനും ഐ.പി.സി​ 353,​ 332 എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പ്രതികളിൽ കൃഷ്ണകുമാർ കരസേനയിൽ നഴ്സിംഗ് അസ്റ്റിസ്റ്റന്റും അരുൺ ഷാജി ടെക്നിക്കൽ വിഭാഗത്തിലുമാണ് ജോലി ചെയ്യുന്നത്.