വണ്ണപ്പുറം: ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പട്ടയക്കുടിയിൽ പന്നിഫാം ഒഴിപ്പിക്കുന്നതിനിടെ ഫാം ഉടമയായ വീട്ടമ്മയുടെ ആത്മഹത്യാ ശ്രമം. ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്താനൊരുങ്ങിയ പ്രവാസിയായ വീട്ടമ്മയെ പൊലീസ് അനുനയിപ്പിച്ച് ആശുപത്രിയിലാക്കി. പഞ്ചായത്തിലെ മൂന്നാം വാർഡ് പട്ടയക്കുടി ഐ.എച്ച്.ഡി.പി കോളനിയിലാണ് ഇന്നലെ നാടകീയ രംഗങ്ങൾ നടന്നത്. സ്വയം ഒഴിയാൻ തയ്യാറാകാത്തതിനെ തുടർന്ന് ഇന്നലെ രാവിലെ 11 ന് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ കല്ലുങ്കൽ ബിന്ദു തോമസിന്റെ പന്നിഫാം അടച്ചുപൂട്ടാൻ ശ്രമിക്കുന്നതിനിടെയാണ് ആത്മഹത്യാ ശ്രമം നടന്നത്. നടപടികൾ ആരംഭിച്ചപ്പോൾ തന്നെ ഉടമ ബിന്ദു തോമസ് ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. പൊലീസ് ഇവരുടെ കൈയിൽ നിന്ന് ബലമായി ലൈറ്റർ പിടിച്ചുവാങ്ങി. പെട്രോൾ ദേഹത്തു വീണതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യമുണ്ടായ ബിന്ദു തോമസിനെ കാളിയാർ പൊലീസ് വണ്ണപ്പുറത്തെ സ്വകാര്യ ആശുപുത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപുത്രിയിലേക്ക് മാറ്റി. പഞ്ചായത്ത് പ്രസിഡന്റ് ഷൈനി റെജി, വൈസ് പ്രസിഡന്റ് സണ്ണി കളപ്പുര, മെമ്പർമാരായ കെ.എച്ച്. അസീസ്, ലിസി ജോസ്, സത്യദാസ്, വണ്ണപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ അനുലിസ് പീറ്റർ, ഹെൽത്ത് ഇൻസ്‌പെക്ടർ തോമസ് ജോസഫ്, ജനകീയ സംരക്ഷണ സമിതി പ്രവർത്തകർ എന്നിവർ ഒഴിപ്പിക്കൽ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. സ്ഥലത്ത് സംഘർഷ സാദ്ധ്യതയെ തുടർന്ന് കാളിയാർ സി.ഐ അജേഷ് കുമാറിന്റെയും എസ്.ഐ വിഷ്ണു കുമാറിന്റെയും നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹവും സ്ഥലത്തെത്തിയിരുന്നു.


പന്നികളെ മറ്റ് ഫാമുകളിലേക്ക് മാറ്റി

പഞ്ചായത്ത് അധികൃതരും സംഘവും സ്ഥലത്തെത്തി പന്നികളെ മറ്റ് ഫാമുകളിലേക്ക് മാറ്റി. മുന്നൂറോളം പന്നികളാണ് ഫാമിലുള്ളത്. ഇതിൽ അടുത്തിടെ പ്രസവിച്ചതും പ്രസവിക്കാറായതുമായ പന്നികൾ ഒഴികെയുള്ളവയെയാണ് മാറ്റിയത്. ബാക്കിയുള്ളവയെ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഇവിടെ നിന്ന് മാറ്റുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. എന്നാൽ ഇന്നുതന്നെ മുഴുവൻ പന്നികളെയും ഇവിടെ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ചില പ്രദേശവാസികൾ രംഗത്തെത്തി. സമീപ പ്രദേശത്തുള്ള തോട്ടിൽ ഫാമിൽ നിന്നുള്ള മാലിന്യം കുമിഞ്ഞുകൂടുന്നതുമായി ബന്ധപ്പെട്ട് ഊരുമൂപ്പൻ കൂടിയായ ജയരാജ് പടത്തോട്ടത്തിൽ നൽകിയ പരാതിയെ തുടർന്നാണ് ഹൈക്കോടതി ഫാം പൂട്ടാനുള്ള ഉത്തരവ് നൽകിയത്.