തൊടുപുഴ: കൗൺസിൽ യോഗത്തിനു ശേഷം നിശ്ചയിച്ചിരുന്ന ടൗൺഹാളിലെ ലിഫ്‌റ്റ് ഉദ്ഘാടം നടന്നില്ല. കഴിഞ്ഞ കൗൺസിൽ യോഗത്തിലാണ് ഇന്നലെ യോഗം ചേർന്നതിനു ശേഷം ലിഫ്‌റ്റ് ഉദഘാടനം നടത്താൻ നിശ്ചയിച്ചത്. ഇതെ തുടർന്ന് ഇന്നലെ കൗൺസിൽ യോഗത്തിനു ശേഷം ലിഫ്‌റ്റ് ഉദ്ഘാടനം ചെയ്യാൻ ചെയർപേഴ്‌സൺ ജെസി ആന്റണി ഉൾപ്പെടെയുള്ളവർ എത്തിയപ്പോൾ ലിഫ്‌റ്റ് തുറക്കാൻ താക്കോലില്ലായിരുന്നു. നിർമാണം നടത്തിയതിന്റെ പണം നൽകിയില്ലെന്ന് ആരോപിച്ച് കരാറുകാരൻ താക്കോൽ നൽകിയിരുന്നില്ല. പിന്നീട് ഇയാളെ വിളിച്ചു വരുത്തി താക്കോൽ വാങ്ങിയെങ്കിലും ലിഫ്‌റ്റിന്റെ പരിസരവും മറ്റും മാലിന്യം നിറഞ്ഞ് വൃത്തിഹീനമായതിനാൽ കൗൺസിലർമാർ എതിർപ്പു പ്രകടിപ്പിക്കുകയായിരുന്നു. തുടർന്ന് ഇന്ന് പരിസരം വൃത്തിയാക്കിയ ശേഷം ഉദ്ഘാടനം നടത്താൻ തീരുമാനിച്ചു.
ഇവിടെ ആരുമൊന്നും അറിയുന്നില്ല
നഗരസഭയിൽ നടക്കുന്ന പല കാര്യങ്ങളും കൗൺസിലർമാരെ അറിയിക്കുന്നില്ലെന്ന് കൗൺസിൽ യോഗത്തിൽ വിമർശനം. ലൈഫ് മിഷൻ ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്ന് ടൗൺഹാളിൽ നടക്കുന്ന യോഗം കൗൺസിലർമാരെ അറിയിച്ചില്ലെന്നാരോപിച്ചാണ് യോഗത്തിൽ ചില കൗൺസിലർമാർ ബഹളം വച്ചത്. ഭവന പദ്ധതിയുമായി ബന്ധപ്പെട്ട യോഗത്തിൽ എത്തണമെന്ന അറിയിപ്പ് പല ഉപഭോക്താക്കളും അറിഞ്ഞിട്ടില്ലെന്നും കൗൺസിലർമാർ പറഞ്ഞു.