തൊടുപുഴ: എസ്.എഫ്.ഐ. പ്രവർത്തകർ ആക്രമിച്ചുവെന്ന പരാതിയുമായി ഒരുകൂട്ടം നിയമ വിദ്യാർഥികൾ. ജൂനിയർ വിദ്യാർഥികൾ തമ്മിലുണ്ടായ പ്രശ്നം പരിഹരിക്കാൻ ഇടപെട്ടതിൽ പ്രകോപിതരായാണ് എസ്.എഫ്.ഐ.പ്രവർത്തകർ ആക്രമിച്ചതെന്ന് വിദ്യാർഥികൾ ആരോപിച്ചു. എന്നാൽ ലഹരി ഉപഭോഗത്തിനെതിരെ ക്യാംപെയ്ൻ നടത്തിയ തങ്ങൾക്ക് നേരേ ലഹരി ഉപയോഗിക്കുന്ന ഒരു സംഘം വിദ്യാർഥികൾ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് എസ്.എഫ്.ഐ. ആരോപിച്ചു. കോർപ്പറേറ്റീവ് സ്‌കൂൾ ഓഫ് ലോയിലെ ഒരുകൂട്ടം വിദ്യാർഥികളും എസ്.എഫ്.ഐ. പ്രവർത്തകരുമാണ് പരസ്പര ആരോപണങ്ങളുമായി രംഗത്തുവന്നത്. ജൂനിയർ വിദ്യാർഥികളുടെ പ്രശ്നത്തിൽ ഇടപെട്ടതിന്റെ പേരിലും എസ്.എഫ്.ഐ. അംഗത്വമെടുക്കാത്തതിന്റെ വൈരാഗ്യത്തിലും തങ്ങളെ എസ്.എഫ്.ഐ. ആക്രമിച്ചുവെന്നാണ് വിദ്യാർഥികൾ പത്രസമ്മേളനത്തിൽ ആരോപിച്ചത്. തങ്ങളെ തല്ലാൻ പുറത്തുനിന്നും ആളെത്തി. എസ്.എഫ്.ഐ. റെപ്പിനേയും എസ്.എഫ്.ഐ. പ്രവർത്തകർ മർദിച്ചു. ഏഴ് പേർക്ക് മർദനമേറ്റു. ഇതിൽ നാല് പേർ ആശുപത്രിയിലാണ്. തങ്ങൾ ലഹരിമരുന്ന് മാഫിയാണെന്ന രീതിയിൽ അപവാദ പ്രചരണങ്ങൾ എസ്.എഫ്.ഐ. നടത്തുന്നുവെന്നും വിദ്യാർഥികൾ പറഞ്ഞു. എന്നാൽ കോളേജിലെ ചില വിദ്യാർഥികളുടെ ലഹരി ഉപയോഗത്തിനെതിരെ നിലപാടെടുത്തതിൽ പ്രകോപിതരായ ഒരുകൂട്ടം തങ്ങളായാണ് ആക്രമിച്ചതെന്ന് എസ്.എഫ്.ഐ. പ്രവർത്തകർ പറയുന്നു. രണ്ട് പ്രവർത്തകർക്ക് പരിക്കേറ്റു. ഇതിനെതിരെ നടത്തിയ പ്രകടത്തിന് നേരേയും ആക്രമം ഉണ്ടായി. അദ്ധ്യാപകരുടെ അനുവാദത്തോടെയാണ് ക്യാംപെയ്ൻ നടത്തിയതെന്നും എസ്.എഫ്.ഐ. പറയുന്നു. അക്രമസംഭവത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ. തൊടുപുഴയിൽ പ്രകടനം നടത്തി. ഇരുകൂട്ടരും പോലീസിനും കോളേജ് അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്.