വാഗമൺ: പ്ലാസ്റ്റിക് മാലിന്യങ്ങളും ജൈവ മാലിന്യങ്ങളും തരം തിരിച്ച് ശേഖരിച്ച്, ആവശ്യമായ സ്ഥലങ്ങളിൽ ബ്ലീച്ചിംഗ് പൗഡർ വിതറി, വിനോദ സഞ്ചാരികളെയും ചെറുകിട കച്ചവടക്കാരെയും ബോധവത്ക്കരിച്ച് വാഗമണ്ണിനെ മിടുക്കിയാക്കി ഒറ്റത്തവണ മെഗാശുചീകരണ പരിപാടി ശ്രദ്ധേയമായി. ഗാന്ധിജയന്തി വാരാഘോഷ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനത്തിനു ശേഷം വാഗമൺ പൊലീസ് ഗ്രൗണ്ടിൽ നിന്നും 14 ടീമുകളായി തിരിഞ്ഞാണ് വിവിധ ഭാഗങ്ങളിൽ ശുചീകരണം നടത്തിയത്. വിവിധ സർക്കാർ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ, സ്റ്റുഡന്റ് പോലിസ് കേഡറ്റ്, എൻസിസി, എൻഎസ്എസ് , സാക്ഷരതാ മിഷൻ, കുടുംബശ്രീ, ജെ.ആർ.സി, സ്‌കൗട്ട് ആന്റ് ഗൈഡ്, വാഗമൺ മൊട്ടക്കുന്ന് ഡെസ്റ്റിനേഷൻ കമ്മറ്റി, മീനച്ചിൽ നദീതട സംരക്ഷണ സമിതി, വ്യാപാരികൾ, ഹരിത കർമ്മ സേന, വിവിധ രാഷ്ട്രീയ പാർട്ടി അംഗങ്ങൾ തുടങ്ങി
യവർശുചീകരണ പരിപാടിയിൽ പങ്കാളികളായി. പുള്ളിക്കാനം, ഇടുക്കുപാറ, ചോറ്റുപാറ, തങ്കക്കാനം വെയിറ്റിംഗ് ഷെഡ്, ഓൾഡ് മാർക്കറ്റ്, പാലൊഴുകുംപാറ, തങ്ങളുപാറ, വെട്ടിക്കുഴി, ആത്മഹത്യാ മുനമ്പ്, മൊട്ടക്കുന്ന്, പൈൻകാട് തുടങ്ങി വാഗമൺ ടൂറിസം കേന്ദ്രവും അനുബന്ധ പ്രദേശവുമെല്ലാം ഒറ്റ ദിവസം കൊണ്ട് ശുചീകരിച്ചു. പൈൻ മരക്കാട്ടിലെ മുഴുവൻ പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്തു കൊണ്ട് പീരുമേട് എം ആർ എസ്, ഏലപ്പാറ ഗവ.ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള 240 ഓളം സ്റ്റുഡൻസ്പൊലീസ് കേഡറ്റുകൾ ശുചീകരണ പരിപാടിയിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചു.ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽത്തന്നെ സംസ്‌കരിക്കുകയും അജൈവ മാലിന്യങ്ങൾ ജൈവവാംശമില്ലാതെ ശേഖരിച്ച് ഗ്രീൻ കേരള കമ്പനിക്ക് കൈമാറുകയുമാണ് ചെയ്യുന്നത്. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്ണിൽ ദിനംപ്രതി ആയിരക്കണക്കിനു സ്വദേശ, വിദേശ വിനോദ സഞ്ചാരികളാണ് എത്തുന്നത്. ഇവർ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും ഡിസ്‌പോസിബിൾ പ്ലേറ്റ്, കപ്പ് തുടങ്ങിയ മാലിന്യങ്ങളാണ് കൂടുതലായും ഈ പ്രദേശത്തെ മലിനീകരിക്കുന്നത്. വിനോദ സഞ്ചാരികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിൽ ബോധവത്ക്കരണം നടത്തിയും മാലിന്യങ്ങൾ യഥാസമയം നീക്കം ചെയ്ത് വാഗമണ്ണിന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കുകയാണ് വഴി കാട്ടാൻ വാഗമൺ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.