ഇടുക്കി : ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായാണ് സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രഖ്യാപന റാലിയും സെമിനാറും സംഘടിപ്പിച്ചത്.ഒരാഴ്ച്ചക്കാലം എക്‌സൈസ് വകുപ്പിന്റെ സഹകരണത്തോടെ വിപുലമായ ലഹരി വർജ്ജന ബോധവൽക്കരണ പരിപാടികളാണ് ജില്ലയിൽ നടക്കുക. ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ജി പ്രദീപ് ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു.അടിമാലി സർക്കാർ ഹൈസ്‌ക്കൂൾ, അടിമാലി എസ്എൻഡിപി ഹയർസെക്കണ്ടറി സ്‌കൂൾ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
അടിമാലി കാംകോ ജംഗ്ഷനിൽ നിന്നാരംഭിച്ച ലഹരി വിരുദ്ധ പ്രഖ്യാപന റാലിയിൽ വിവിധ വിദ്യാലയങ്ങളിൽ നിന്നെത്തിയ എസ്പിസി,എൻഎസ്എസ്,സ്‌കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങൾ അണിനിരന്നു.റാലിക്ക് ശേഷം അടിമാലി പഞ്ചായത്ത് ടൗൺ ഹാളിൽ ബോധവൽക്കരണ സെമിനാർ നടന്നു.പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികളെ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിച്ചു. അടിമാലി ഗ്രാമപഞ്ചായത്തംഗം തമ്പി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഇടുക്കി അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ മുഹമ്മദ് ന്യൂമാൻ ലഹരി വിരുദ്ധ സന്ദേശം നൽകി.മൂന്നാർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടോമി ജേക്കബ്,സി കെ സുനിൽ രാജ്,വിമുക്തി നോഡൽ ഓഫീസർ പി എച്ച് ഉമ്മർ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ,അധ്യാപകർ തുടങ്ങിയവർ സംസാരിച്ചു.