മൂന്നാർ: മൂന്നാർ ടൗണിൽ സർക്കാർ ഭൂമി കൈയേറി പട്ടയം ചമച്ച് സ്വന്തമാക്കിയ ഭൂമി പട്ടയം റദ്ദ് ചെയ്ത് ഏറ്റെടുക്കാൻ നടപടി. ദേവികുളം സബ്കളക്ടറായിരുന്ന ഡോ. രേണുരാജ് സ്ഥലംമാറിപ്പോകുന്നതിന് തൊട്ടുമുമ്പുള്ള ദിവസമാണ് ഇത് സംബന്ധിച്ച് ദേവികുളം തഹസിൽദാർക്ക് നിർദേശം നൽകിയത്.
രവീന്ദ്രൻ പട്ടയങ്ങൾ എന്നപേരിൽ ഏറെ പ്രസിദ്ധമായ ദേവികുളം അഡീഷനൽ തഹസിൽദാർ രവീന്ദ്രൻ നൽകിയ ഇക്കാനഗറിലെ പട്ടയങ്ങളാണ് കോടതിയുടെ നിർദേശ പ്രകാരം പരിശോധന പൂർത്തിയാക്കി റദ്ദാക്കിയത്.
1955 മുതൽ സ്ഥിര താമസക്കാരായിരുന്ന പി.എം. മാത്യുവിനെയും കുടുംബത്തെയും സാമൂഹ്യവത്കരണത്തിെന്റ പേരിൽ 1965 ലാണ് സർക്കാർ ഇറക്കിവിട്ടിരുന്നു. തുടർന്ന് ഭൂമി വനംവകുപ്പിന് കൈമാറി. എന്നാൽ തവാരണ (ചെടികളുടെ നഴ്സറി )ജോലിക്കെത്തിയ മരിയദാസ് എന്നയാൾ ഭൂമി കൈയേറി വ്യാജപട്ടയങ്ങൾ നിർമ്മിച്ചു. നടപടി ആവശ്യപ്പെട്ട് പി.എം. മാത്യുവിെന്റ ബന്ധുക്കൾ 2014 ൽ ഹൈക്കോടതിയെ സമീപിച്ചു. 2018ൽ പുത്തൻ വീട്ടിൽ ബിനു പാപ്പച്ചൻ നൽകിയ പരാതിയിൽ പട്ടയങ്ങൾ പരിശോധിക്കാൻ അന്നത്തെ ദേവികുളം സബ് കലക്ടറോട് നിർദേശിച്ചു.സർക്കാരിന്റ രണ്ടേക്കറോളം വരുന്ന ഭൂമി വ്യാജ പട്ടയങ്ങളുണ്ടാക്കി മരിയദാസ് കൈയടക്കിയതായി കാട്ടിയാണ് ബിനു പാപ്പച്ചൻ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്. 2019 ജൂൺമാസം മൂന്നുദിവസം നീണ്ടുനിന്ന പരിശോധനയിൽ ബന്ധുക്കളായ അളകർസ്വാമി, മുത്തു, സുജ, ചിന്നത്തായ് എന്നിവർ സബ് കലക്ടർ മുമ്പാകെ നേരിട്ട് ഹാജരായി. തങ്ങളുടെ പട്ടയത്തിനായി അപേക്ഷ സമർപ്പിക്കുകയോ പട്ടയം കൈപ്പറ്റുകയോ വസ്തുവിൽ താമസിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ബോധിപ്പിച്ചതെന്ന് സബ് കലക്ടർ ഉത്തരവിൽ പറയുന്നു. പരിശോധനയിൽ വ്യാജമാണെന്ന് തെളിഞ്ഞതിനാൽ പട്ടയം റദ്ദാക്കുന്നുവെന്നും ഉത്തരവിൽ പറയുന്നു.