വണ്ണപ്പുറം : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഇളംദേശം ബ്ളോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വണ്ണപ്പുറം ശ്രീനാരായണ ഓഡിറ്റോറിയത്തിൽ വയോജന ദിനാചരണം നടന്നു. വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് അംഗം ലീലാ തങ്കൻ ഉദ്ഘാടനം ചെയ്തു. അഞ്ച് പെൻഷനേതര വയോജനങ്ങളെ ജില്ലാ സെക്രട്ടറി വി.കെ മാണി ആദരിച്ചു. വയോജനങ്ങളുടെ അവകാശങ്ങളും നിയമ പരിരക്ഷയും എന്ന വിഷയത്തിൽ അഡ്വ. ആൽബർട്ട് ജോസ് ക്ളാസെടുത്തു.
അനെർട്ട് ചിത്രരചനാ മത്സരം നടത്തി
തൊടുപുഴ : ഗാന്ധിജയന്ധിയോടനുബന്ധിച്ച് അനെർട്ട് സംസ്ഥാന വ്യാപകമായി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സൗരോർജ്ജം നല്ല ഭാവിക്കായി എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന ചിത്രരചനാ മത്സരത്തിന്റെ ഭാഗമായി ഇടുക്കി ജില്ലാതല മത്സരം തൊടുപുഴ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നടത്തി. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കൊച്ചുകലാകാരന്മാർ പങ്കെടുത്തു.
പുണവത്ത് കാവിൽ വിദ്യാരംഭവും ഔഷധസേവയും
തൊടുപുഴ : അച്ചൻകവല - പുണവത്ത് കാവിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി 5 ന് വൈകിട്ട് 6 ന് പൂജവയ്പ്പും, 6 ന് ദുർഗ്ഗാഷ്‌ടമി പൂജയും, 7 ന് മഹാനവമി ആയുധ പൂജയും, 8 ന് രാവിലെ 6.30 ന് വിദ്യാരംഭവും 7 ന് ഔഷധ സേവയും നടക്കും. ചടങ്ങുകൾക്ക് കെ. പങ്കജാക്ഷൻ (ട്രസ്റ്റ് പ്രസിഡന്റ്), സി.പി സോമൻ ചോക്കരപറമ്പിൽ (ട്രസ്റ്റ് സെക്രട്ടറി), രാധാമണി അറയ്ക്കൽ (ട്രഷറർ) എന്നിവർ നേതൃത്വം നൽകും. മേൽശാന്തി വിജയൻ തിരുമേനി കുട്ടികൾക്ക് വിദ്യാരംഭം കുറിക്കും.
വിശേഷാൽ അഭിഷേകം
കാരിക്കോട് : അണ്ണാമലനാഥർ മഹാദേവ ക്ഷേത്രത്തിൽ 4 ന് രാവിലെ 10.30 ന് വിശേഷാൽ അഭിഷേകവും ഷഷ്‌ഠി പൂജയും തുടർന്ന് ഷഷ്‌ഠി ഊട്ടും നടക്കും.
ബി.എസ്.എൻ.എൽ ജീവനക്കാർ പ്രകടനവും യോഗവും നടത്തി
തൊടുപുഴ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബി.എസ്.എൻ.എൽ ജീവനക്കാർ എ.യു.എ.ബിയുടെ നേതൃത്വത്തിൽ കസ്റ്റമർ സർവീസ് സെന്റർ പരിസരത്ത് പ്രകടനവും യോഗവും നടത്തി. ബി.എസ്.എൻ.എൽ എംപ്ളോയിസ് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ് വിദ്യാസാഗർ വിശദീകരണ പ്രസംഗം നടത്തി. എസ്.എൻ.ഇ.എ ബ്രാഞ്ച് സെക്രട്ടറി വി.വി വേണുഗോപാൽ, റോസിലിൻ ജോർജ്ജ് തുടങ്ങിയവർ പ്രസംഗിച്ചു.
.