തൊടുപുഴ: 1964 ലെ ഭൂപതിവ് ചട്ടങ്ങൾ അനുസരിച്ച് സർക്കാർ കഴിഞ്ഞ ഓഗസ്റ്റ് 22ന് ഇറക്കിയ ഉത്തരവിലും തുടർന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ഇറക്കിയ ഉത്തരവിലും കടന്നുകൂടിയുള്ള അവ്യക്തതകളും ഇടുക്കിയിലെ ജനങ്ങളുടെ ആശങ്കകളും പരിഗണിച്ചുകൊണ്ട് ഉത്തരവുകൾ ഭേദഗതി വരുത്തുന്നത് സംബന്ധിച്ച് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ ഉറപ്പ് നൽകിയതായി സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 22ന് സർക്കാർ ഇറക്കിയ ഭൂവിനിയോഗ ഉത്തരവിലും നിർമ്മാണ നിയന്ത്രണ ഉത്തരവിലും ഭേദഗതി ആവശ്യപ്പെട്ട് സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ ജില്ലാ അസി. സെക്രട്ടറി സി യു ജോയി എന്നിവർ റവന്യൂ മന്ത്രിയുമായി നേരിട്ട് ചർച്ച നടത്തുകയും ഉത്തരവുകളിൽ ഉണ്ടായിട്ടുള്ള അവ്യക്തതകളും ജില്ലയിലെ ജനങ്ങളുടെ ആശങ്കകളും ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച് റവന്യു മന്ത്രിക്ക് നിവേദനവും സമർപ്പിച്ചിട്ടുണ്ട്. പതിറ്റാണ്ടുകളായി സാമൂഹ്യ പിന്നോക്കാവസ്ഥ നേരിടുന്ന ജില്ലയിലെ കുടിയേറ്റ ജനതക്ക് മേൽ ഇത്തരം
ഉത്തരവുകൾ അടിച്ചേൽപ്പിക്കുന്നത് ജില്ലയിലെ കർഷകരെ ഉൾപ്പെടെ ദോഷകരമായി ബാധിക്കുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹൈക്കോടതി ഉത്തരവനനുസരിച്ച് 8 വില്ലേജുകളിലെ നിർമ്മാണങ്ങൾക്കാണ് നിയന്ത്രണം ബാധകമെന്നത് മന്ത്രിക്ക് ബോധ്യപ്പെട്ടതായും ഇത് ജില്ലക്കാകെ ബാധകമാക്കിയ ഉത്തരവിൽ ഭേദഗതി വരുത്തുന്നതിനും പുതിയ ഉത്തരവ് ഇറക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുള്ളളതായും കെ കെ ശിവരാമൻ അറിയിച്ചു. ഇതുസംബന്ധിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായും ചർച്ച ചെയ്തു .