കുമളി: വനം വകുപ്പിന്റെ വന്യ ജീവി വാരാഘോഷങ്ങൾക്ക് ബദലായി കുമളിയിൽ ജനകീയ വന്യജീവി വാരാഘോഷം നടത്തും. ഇന്നലെ വ്യാപാരി വ്യവസായി ഏകോപന സമിതി ഓഡിറ്റോറിയത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ഷീബാ സുരേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഒൻപതിന് രാവിലെ പത്തിന് വ്യാപാര ഭവനിൽ പതാക ഉയർത്തലും തുടർന്ന് വിവിധ മത്സരങ്ങളും നടത്തും. പത്തിന് ഉച്ചകഴിഞ്ഞ് രണ്ടിന് ജനബോധന റാലിയും പൊതുസമ്മേളനവും കൾച്ചറൽ പ്രോഗ്രാമും നടത്തും. പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് വൈസ് ചെയർമാനുമായ കമ്മറ്റിയും രൂപികരിച്ചിട്ടുണ്ട്. തേക്കടിയിൽ വനം വകുപ്പ് നടപ്പിലാക്കുന്ന ഏകപക്ഷീയ നടപടികളിൽ പ്രതിഷേധിച്ചാണ് ജനകീയ മുന്നേറ്റം. നാല്പത് വർഷങ്ങൾക്ക് മുമ്പ് ജനപങ്കാളിത്തതോടെ തേക്കടിയിൽ ആരംഭിച്ച വന്യ ജീവി വാരാഘോഷമാണ് വനം വകുപ്പിന്റെ നീക്കത്തിലൂടെ ഇല്ലാതായത്.