മറയൂർ: മുഖം മറച്ച മൂന്നു പേർ യുവാവിനെ മർദ്ദിച്ച് അവശനാക്കി. കാന്തല്ലൂർ പഞ്ചായത്തിൽ കൊല്ലം പാറയിലാണ് ബുധനാഴ്ച വൈകുന്നേരംആക്രമണം ഉണ്ടായത്. കാന്തല്ലൂർ ദെണ്ഡു കൊമ്പ് ഒ.എൽ.എച്ച് കോളനി സ്വദേശി ജഗനാഥ (25)നാണ് പരിക്കേറ്റത്. തീർത്ഥ മല കുടിയിൽ കെട്ടിടം പണിക്ക് പോയ ശേഷം വീട്ടിലേക്ക് ബൈക്കിൽ സുഹൃത്തുമായി മടങ്ങി വരുമ്പോഴാണ് കൊല്ലം പാറ പാലത്തിന് സമീപത്ത് വച്ച് മുഖത്ത് ടവ്വൽ കൊണ്ട് മറച്ചുകെട്ടിയ മൂന്നു പേർ കമ്പടക്കമുള്ള ആയുധങ്ങളുമായി ജഗനാഥനെ ആക്രമിച്ചത്.മുൻപിൽ ബൈക്കിൽ പോയ ജഗന്നാഥന്റെ കൂടെ ജോലി ചെയ്തു വരുന്നവർ തിരികെ വന്നപ്പോഴാണ് ജഗനാഥനെ ആക്രമിക്കുന്നത് കണ്ടത്.ഇവരെയും ഭീഷണിപ്പെടുത്തി കമ്പുകൾ വലിച്ചെറിഞ്ഞ് സംഘം തിരികെ പോയി. പരിക്കേറ്റ ജഗനാഥനെ മറയൂരിലെ സ്വകാര്യശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവമറിഞ്ഞ ഉടൻ മറയൂർ എസ്.ഐ.ജി.അജയകുമാറും അഡി..എസ് .ഐ .വി .എം.മജീദ് എന്നിവരടങ്ങിയ പൊലീസ് സംഘം സംഭവസ്ഥലത്തെത്തി . ആക്രമണം നടത്തിയ സംഘാംഗങ്ങളെ തിരിച്ചറിഞ്ഞതായി പൊലിസ് പറഞ്ഞു.തൊഴിൽ സംബന്ധമായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത് എന്നാണ് പ്രാഥമിക നിഗമനം.