തൊടുപുഴ: പരാതികൾക്ക് ഇടയാക്കാത്ത വിധം ഫാം പ്രവർത്തിപ്പിക്കാൻ തയ്യാറാണെന്നും ഇതിന് പഞ്ചായത്ത് അധികാരികൾ കനിയണമെന്നും ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അടച്ചുപൂട്ടിയ പന്നിഫാമിന്റെ ഉടമയും പ്രവാസിയുമായ ബിന്ദു തോമസ് കല്ലുങ്കൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രവാസിയായ താൻ ജോലി ഉപേക്ഷിച്ച ശേഷം പതിനഞ്ചേക്കർ പട്ടയഭൂമി സ്വന്തമാക്കി ഒന്നര കോടിയോളം മുടക്കിയാണ് ഫാം തുടങ്ങിയതെന്ന് ബിന്ദു തോമസ് പറയുന്നു. എന്നാൽ, ഫാം ലൈസൻസിന് ആവശ്യമായ രേഖകൾ ഇവർ തരപ്പെടുത്തിയിരുന്നില്ല. ഫാം ആരംഭിച്ച് ഏറെ വൈകിമാത്രമാണ് മലിനീകരണ നിയന്ത്രണബോർഡിന് അപേക്ഷ നൽകിയത്. നാട്ടുകാരിൽ ചിലരും പരാതി ഉന്നയിച്ചിരുന്നു. എന്നാൽ, അപാകതകൾ പരിഹരിച്ചിട്ടും ലൈസൻസ് ലഭിച്ചില്ല. ഇപ്പോൾ 60 ലക്ഷത്തിലേറെ കടബാദ്ധ്യയുണ്ട്. ഫാമിലെ ജോലിക്കാർക്കും കൂലി നൽകാനുണ്ടെന്നും ഇവർ പറയുന്നു.
ഹൈക്കോടതി ഉത്തരവുമായി കഴിഞ്ഞ ദിവസം പന്നിഫാം ഒഴിപ്പിക്കാനെത്തിയ പഞ്ചായത്ത് ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും സാന്നിധ്യത്തിൽ ഇവർ ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. വണ്ണപ്പുറം പഞ്ചായത്തിലെ മൂന്നാം വാർഡ് പട്ടയക്കുടി ഐ.എച്ച്.ഡി.പി കോളനിയിൽ ബിന്ദു തോമസിന്റെ ഉടമസ്ഥതയിലുള്ള പന്നിഫാമിനെതിരെ ഊരുമൂപ്പൻ കൂടിയായ ജയരാജ് പടത്തോട്ടത്തിലാണ് പരാതി നൽകിയിരുന്നത്. സമീപത്തെ ജലസ്രോതസ് മലിനമാക്കുന്നെന്നായിരുന്നു പരാതി. മലിനീകരണ നിയന്ത്രണബോർഡിന്റെ അനുമതിയില്ലാതെയാണ് ഫാമിന്റെ പ്രവർത്തനമെന്നും കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഹൈക്കോടതി അടച്ചു പൂട്ടാൻ ഉത്തരവിട്ടത്.
ബിന്ദു തോമസിന്റെ ഫാം അടച്ചു പൂട്ടിക്കാനുള്ള വണ്ണപ്പുറം പഞ്ചായത്തിന്റെ നടപടി ദൗർഭാഗ്യകരമാണെന്ന് ഇവരോടൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ലൈവ് സ്റ്റോക്ക് ഫാർമേഴ്‌സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളും പറഞ്ഞു. ഹൈക്കോടതിയെ തെറ്റിധരിപ്പിച്ചാണ് താത്കാലിക ഉത്തരവ് സമ്പാദിച്ചത്. ഹൈക്കോടതിയിൽ റിവിഷൻ ഹർജി ഫയൽ ചെയ്തതായും ഇവർ പറഞ്ഞു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സി.വി. കുര്യാക്കോസ്, സെക്രട്ടറി അൻസൺ കെ. ഡേവിസ്, ജില്ലാ പ്രസിഡന്റ് മനു ദാമോദരൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.