തൊടുപുഴ: നാളെ നടക്കുന്ന നഗരസഭ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിനുള്ള അവസാനവട്ട തന്ത്രങ്ങൾ മെനയുന്ന തിരക്കിലാണ് മുന്നണികൾ. സ്ഥാനംനില നിറുത്താമെന്ന ഉറച്ച പ്രതീക്ഷയിലാണ് യു.ഡി.എഫെങ്കിൽ അട്ടിമറിക്കുള്ള കരുനീക്കത്തിലാണ് എൽ.ഡി.എഫ്. മുസ്ലീംലീഗ് അംഗം സി.കെ. ജാഫർ മുന്നണി ധാരണ പ്രകാരം രാജി വച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ്. ധാരണ പ്രകാരം കോൺഗ്രസിനാണ് വരുന്ന ഒമ്പതു മാസത്തോളം വൈസ് ചെയർമാൻ പദവി ലഭിക്കുക. പി.കെ. ഷാഹുൽഹമീദാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. രാജീവ് പുഷ്പാംഗദനാകും എൽ.ഡി.എഫ് സ്ഥാനാർത്ഥി. തിരഞ്ഞെടുപ്പിൽ ഒരു വോട്ട് അസാധുവാകുകയോ ഒരാൾ വോട്ട് ചെയ്യാതിരിക്കുകയോ ചെയ്താൽ തിരഞ്ഞെടുപ്പ് നറുക്കെടുപ്പിലേക്ക് നീങ്ങും. ചെയർമാൻ തിരഞ്ഞെടുപ്പിൽ സംഭവിച്ചത് ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. കോൺഗ്രസ് വിമതനായി മൽസരിച്ചു വിജയിച്ച പി.കെ. ഷാഹുൽഹമീദിനോട് കോൺഗ്രസിൽ തന്നെ ചിലർക്ക് അനിഷ്ടമുണ്ടായിരുന്നു. ഷാഹുൽഹമീദിനെ വൈസ് ചെയർമാൻ സ്ഥാനാർത്ഥിയാക്കുന്നതിനെ മുസ്ലിംലീഗ് ആദ്യം എതിർത്തിരുന്നു. മുനിസിപ്പൽ പാർക്ക് നവീകരണത്തിൽ അഴിമതിയുണ്ടെന്ന് കൗൺസിലിൽ പരസ്യമായി ഷാഹുൽഹമീദ് ഉന്നയിച്ചിരുന്നു. മുന്നണിയുടെ ഭാഗമായി നിന്നുകൊണ്ട് അഴിമതിയാരോപണം ഉന്നയിച്ചതാണ് എതിർപ്പിനിടയാക്കിയത്. ഇത് വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടുന്നത്.
തൊടുപുഴ നഗരസഭ ഹാളിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടുക്കി ആർഡിഒയാണ് വരണാധികാരി. നഗരസഭയുടെ ഭരണകാലാവധിക്കുള്ളിൽ മൂന്നു തവണ ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പും വൈസ് ചെയർമാൻ തെരഞ്ഞെടുപ്പും നടന്നു. നഗരസഭ ഭരണസമിതിയിൽ കോൺഗ്രസിലെ ടി.കെ. സുധാകരൻ നായരായിരുന്നു ആദ്യം വൈസ് ചെയർമാൻ. ധാരണയനുസരിച്ച് സുധാകരൻ നായർ കാലാവധി പൂർത്തിയാക്കി രാജി വച്ചതോടെയാണ് മുസ്ലീം ലീഗിലെ സി.കെ. ജാഫർ വൈസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്.
നിലവിലെ കക്ഷിനില
ആകെ അംഗങ്ങൾ- 35
യു.ഡി.എഫ്- 14
എൽ.ഡി.എഫ്- 13
ബി.ജെ.പി- 08
ചരിത്രം ആവർത്തിക്കുമോ
മുസ്ലീംലീഗിലെ സഫിയ ജബ്ബാറായിരുന്നു ആദ്യം ചെയർപേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടര വർഷത്തിന് ശേഷം ഇവർ രാജി വച്ചതോടെ യു.ഡി.എഫിലെ ജെസി ആന്റണിയും എൽ.ഡി.എഫിലെ മിനി മധുവുമാണ് മത്സരിച്ചത്. എന്നാൽ, വൈസ് ചെയർമാനായിരുന്ന ടി.കെ. സുധാകരൻ നായരുടെ വോട്ട് അസാധുവായതോടെ യു.ഡി.എഫ്- 13, എൽ.ഡി.എഫ്- 13 എന്ന നിലയിലായി. ഇതോടെ നറുക്കെടുപ്പിൽ മിനി മധു ചെയർപേഴ്‌സണായി. പിന്നീട് ആറ് മാസത്തിനു ശേഷം അവിശ്വാസത്തിലൂടെ മിനി മധുവിനെ പുറത്താക്കി ജെസി ആന്റണി ചെയർപേഴ്‌സണായി. ഇത് ആവർത്തിക്കപ്പെടുമോയെന്നാകും എൽ.ഡി.എഫ് ഉറ്റുനോക്കുന്നത്. ഒരു തവണ കൂടി ഇടതു മുന്നണിയെ ഭാഗ്യം തുണച്ചാൽ ഇനിയൊരു അവിശ്വാസത്തിനു അവസരം ലഭിച്ചേക്കില്ല. അതിനാൽ വ്യക്തമായ തയാറെടപ്പോടെയായിരിക്കും യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിടുക.