bridge
ചിറ്റൂർ- മടക്കത്താനം കമ്പിപ്പാലം

തൊടുപുഴ: കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ തകർന്ന ചിറ്റൂർ- മടക്കത്താനം,​ ഒളമറ്റം കമ്പിപ്പാലങ്ങൾ ഒരു വർഷം കഴിഞ്ഞിട്ടും പുനർനിർമ്മിക്കാതെ മുന്നണികൾ പരസ്പരം പാലം വലിക്കുന്നു. അക്കരെ കടക്കാൻ മാർഗമില്ലാതെ പാവം നാട്ടുകാർ കഷ്ടപ്പെടുകയാണ്. തൊടുപുഴയാറിന് കുറുകെ മടത്തുംകടവ് ഭാഗത്തായി ഇടുക്കി-​ എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് ചിറ്റൂർ- മടക്കത്താനം പാലം. 2013ൽ വെള്ളപ്പൊക്കത്തിൽ തകർന്ന തൂക്കുപാലം 30 ലക്ഷംരൂപ മുടക്കി 2016ലാണ് പുനർനിർമിച്ചത്. എന്നാൽ പാലം വീണ്ടും പ്രളയത്തിൽ തകർന്നു. ദിനംപ്രതി നൂറുകണക്കിന് യാത്രക്കാർ തൊടുപുഴ, മൂവാറ്റുപുഴ, വാഴക്കുളം, കോലഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നതിന് ഉപയോഗിച്ചിരുന്ന ഈ കമ്പിപ്പാലം തകർന്നതോടെ പ്രദേശവാസികളുടെ യാത്രാദുരിതം വർദ്ധിച്ചു. ഒരു വർഷമായി തകർന്ന് പുഴയിൽ വീണ പാലം കരയ്ക്കടുപ്പിക്കാതെ ഇപ്പോഴും പുഴയിൽ തന്നെ തുരുമ്പിച്ച് നശിക്കുകയാണ്.

വട്ടംകറങ്ങി ജനം

ഒളമറ്റത്തെയും ഇടവെട്ടി പഞ്ചായത്തിലെ തെക്കുംഭാഗത്തെയും ബന്ധിപ്പിച്ചിരുന്ന കമ്പിപ്പാലം തകർന്നതോടെ തെക്കുംഭാഗത്ത് താമസിക്കുന്നവർ എട്ടുകിലോമീറ്റർ സഞ്ചരിച്ച് വേണം തൊടുപുഴ ടൗണിലെത്താൻ. തൊടുപുഴയിൽ നിന്ന് 80 രൂപയോളം ആട്ടോക്കൂലി കൊടുത്താണ് തിരികെ വീട്ടിലെത്തുന്നത്.

കടത്ത് ഏക ആശ്രയം

ഒളമറ്റം കമ്പിപാലം തകർന്നതോടെ യാത്രാദുരിതം കണക്കിലെടുത്ത് പ്രദേശവാസികൾ വള്ളത്തിൽ ആളുകളെ അക്കരയെത്തിക്കുന്നുണ്ട്. മുതിർന്നവർക്ക് പത്തുരൂപയും കുട്ടികളിൽ നിന്ന് അഞ്ചുരൂപയുമാണ് ഈടാക്കുന്നത്. ദിനംപ്രതി 200പേർ കടത്തുവള്ളത്തെ ആശ്രയിക്കാറുണ്ട്. സ്‌കൂളിൽ പോകാൻ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലുള്ള വിദ്യാർത്ഥികൾ വള്ളത്തെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.