logo
ഹരിതദൃഷ്ടിയുടെ ലോഗോ

തൊടുപുഴ : ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങൾ ഹരിതദൃഷ്ടിയുടെ 'നിരീക്ഷണ'ത്തിലേയ്ക്ക്.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ ജലസംരക്ഷണം,മാലിന്യ സംസ്‌കരണം, കൃഷി എന്നീ മൂന്ന് മേഖലകളിൽ കൈവരിച്ച നേട്ടങ്ങളാണ് ഹരിത ദൃഷ്ടിയെന്ന ഹരിതകേരളത്തിന്റെ ഓൺലൈൻ മോണിറ്ററിംഗ് സംവിധാനത്തിൽ ഉൾപ്പെടുത്തുന്നത്.
ഓരോ തദ്ദേശഭരണ സ്ഥാപനത്തിനും കീഴിലുള്ള ജലസമ്പത്തും കാർഷികമേഖലയിലെ വൈവിധ്യങ്ങളും വളർച്ചയും ശുചിത്വപരിപാലനത്തിൽ കൈവരിച്ച നേട്ടങ്ങളുമാണ് ഹരിതദൃഷ്ടിയിൽ ഇടം നേടുക.ഈ മേഖലയെ സംബന്ധിച്ച പൊതുവിവരങ്ങളെല്ലാം എല്ലാവർക്കും വിരൽത്തുമ്പിൽ ലഭ്യമാകുമെന്നതിലുപരി ഈ രംഗത്തെ വളർച്ചയും വികാസവും അപ്പപ്പോൾ അപ്‌ഡേറ്റ് ചെയ്യാനാവുമെന്ന സവിശേഷതയും ഹരിതകേരളം മിഷന്റെ ഹരിത ദൃഷ്ടിയെന്ന മൊബൈൽവെബ് ആപ്ലിക്കേഷനുണ്ട്. മൊബൈൽ ആപ്ലിക്കേഷനും വെബ് ആപ്ലിക്കേഷനും ഉൾപ്പെടുന്ന ഇ മോണിറ്ററിംഗ് സംവിധാനമാണ് ഹരിതദൃഷ്ടി.പുതിയ ഇനങ്ങൾ കൂട്ടിച്ചേർക്കാനും നിലവിലെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനുമുള്ള സംവിധാനം ഉൾപ്പെടുത്തിയിട്ടുണ്ട്.താഴേത്തട്ടിലുള്ള തദ്ദേശഭരണ സ്ഥാപനങ്ങൾ മുതൽ സംസ്ഥാന തലംവരെയുള്ളവയെ കോർത്തിണക്കിയുള്ളതാണ് ഈ സംവിധാനം. ഫീൽഡ് തലത്തിൽ നിന്നുള്ള വിവരങ്ങൾ യഥാ സമയം ശേഖരിച്ച് വിശകലനം ചെയ്യാത്തത് നിമിത്തം തുടർപ്രവർത്തനങ്ങളുടെ കൃത്യതയോടെയുള്ള ആസൂത്രണം കാര്യക്ഷമമാകാത്ത നിലയുണ്ട്.ഔദ്യോഗികജോലിത്തിരക്കുകൾ മൂലം ശേഖരിക്കുന്ന വിവരങ്ങളെ റിപ്പോർട്ടുകളാക്കി മാറ്റാൻ മിക്ക ഉദ്യോഗസ്ഥർക്കും പരിമിതികളുമുണ്ട്. ഈ സാഹചര്യത്തിലാണ് ഹരിതദൃഷ്ടി രൂപകൽപ്പന ചെയ്തത്.ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ്‌കേരളയുടെ സാങ്കേതിക സഹായത്തോടെയാണ് ഹരിതദൃഷ്ടി വികസിപ്പിച്ചത്. ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിന് ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ബ്ലോക്ക് തലത്തിൽ പരിശീലനം നൽകുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി വരികയാണെന്ന് ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഡോ. ജി എസ് മധു അറിയിച്ചു.ഗ്രാമപ്പഞ്ചായത്തുകളിൽ വിവിധ നിർവഹണ ഉദ്യോഗസ്ഥരായ സെക്രട്ടറി,അസി. സെക്രട്ടറി,കൃഷി ഓഫിസർ,അസി. എൻജിനീയർ (എൽ.എസ്.ജി.ഡി) അക്രഡിറ്റഡ് എൻജിനീയർ/ ഓവർസീയർ(മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി)ടെക്നിക്കൽ അസിസ്റ്റന്റ്(ഇൻഫർമേഷൻ കേരള മിഷൻ),വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർമാർ എന്നിവർക്കാണ് പരിശീലനം നൽകുക.