കട്ടപ്പന : ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഹൈസ്‌കൂൾ, ഹയർ സെക്കൻണ്ടറി വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി കട്ടപ്പനയിൽ പ്രശ്‌നോത്തരി മത്സരം സംഘടിപ്പിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ കട്ടപ്പന നഗരസഭാ ഹാളിൽ നടന്ന പ്രശ്‌നോത്തരി മത്സരം നഗരസഭാ വൈസ് ചെയർപേഴ്സൺ ലൂസി ജോയി ഉദ്ഘാടനം ചെയ്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ.സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിജിയും സ്വാതന്ത്ര്യ സമരവും എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന പ്രശ്‌നോത്തരി ക്വിസ് മാസ്റ്റർ എസ്.ശ്രീകുമാർ നയിച്ചു. മത്സരത്തിൽ കട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അഭിൻ സിബി, അഭിറാം അഭിലാഷ് എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. വെള്ളാരംകുന്ന് എസ്.എം. എച്ച്.എസിലെ ആഞ്ചല ഷാജി, അന്നാമോൾ കൊച്ചുമോൻ എന്നിവരടങ്ങിയ ടീം രണ്ടാം സ്ഥാനവും ചെമ്പകപ്പാറ ഗവൺമെന്റ് എച്ച് എസിലെ നിരുപമ രമേഷ്, അമൃത സന്തോഷ് എന്നിവരടങ്ങിയ ടീം മൂന്നാം സമ്മാനവും നേടി. നഗരസഭാ ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ബെന്നി കല്ലുപുരയിടം സമ്മാനങ്ങൾ വിതരണം ചെയ്തു.