കുമളി:മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം അഞ്ചംഗ ഉപസമിതി അണക്കെട്ടിൽ മുല്ലപ്പെരിയാറിൽ പരിശോധന നടത്തി. തേക്കടിയിൽ നിന്ന് ബോട്ട് മാർഗം അണക്കെട്ടിലെത്തിയ സംഘം പ്രധാന അണക്കെട്ട്, ബേബി ഡാം, ഗാലറി എന്നിവിടങ്ങളിൽ പരിശോധന നടത്തി. അണക്കെട്ടിലെ 13 ഷട്ടറുകളിൽ ആദ്യത്തെ ഷട്ടർ ഉയർത്തി പരിശോധിച്ചു. പ്രഷർ വാൽവുകൾ 24 മണിക്കൂർ നേരത്തേയ്ക്ക് അടച്ചിരുന്നതിനാൽ സ്വീപ്പേജ് വെള്ളത്തിന്റെ അളവ് രേഖപ്പെടുത്തിയില്ല. അണക്കെട്ടിലെ പരിശോധനയ്ക്കു ശേഷം സമിതി അംഗങ്ങൾ കുമളിയിലെ മുല്ലപ്പെരിയാർ ഓഫീസിൽ യോഗം ചേർന്നു. അടുത്ത മാസം മഴ ശക്തി പ്രാപിച്ചാൽ ആദ്യം തന്നെ ഉപസമിതി അംഗങ്ങൾ അണക്കെട്ടിൽ പരിശോധന നടത്തും. ജലനിരപ്പ് 136 ന് മുകളിൽ ഉയർന്നാൽ ഉന്നതാധികാര സമിതിയും അണക്കെട്ടിൽ എത്താനുള്ള സാദ്ധ്യതയുണ്ട്. ഉപസമിതി ചെയർമാൻ ശരവണ കുമാറിനു പുറമെ കേരള പ്രതിനിധികളായ എൻ. എസ്. പ്രസീദ്, തമിഴ്നാട് പ്രതിനിധികളായ സാം ഇർവിൻ, സുബ്രഹ്മണ്യൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. 125. 6 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ്.