ചെറുതോണി: 1964ലെ ഭൂപതിവ് ചട്ടങ്ങൾ അനുസരിച്ച് ഓഗസ്റ്റ് 22ന് സർക്കാർ ഇറക്കിയ ഭൂവിനിയോഗ ഉത്തരവും സെപ്തംബർ 25ന് തദ്ദേശസ്വയംഭരണവകുപ്പ് ഇറക്കിയ നിർമ്മാണനിയന്ത്രണ ഉത്തരവും പിൻവലിക്കുക, 1964ലെ ഭൂപതിവ് നിയമത്തിലും ചട്ടങ്ങളിലും ആവശ്യമായ ഭേദഗതികൾ വരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജനാധിപത്യ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നവംബർ ഒന്നിന് കട്ടപ്പനയിൽ കർഷകസമരപ്രഖ്യാപന കൺവയൻഷൻ നടത്തുന്നതിന് പാർട്ടി ജില്ലാ കമ്മറ്റിയോഗം തീരുമാനിച്ചു. കൺവെൻഷന്റെ വിജയത്തിനായി എട്ടിന് സമരസംഘാടക സമിതിയോഗം കട്ടപ്പനയിലും 10ന് അഞ്ച് നിയോജക മണ്ഡലങ്ങളിലും കർഷകനേതൃത്വസംഗമങ്ങളും 17 മുതൽ 24 വരെ പഞ്ചായത്തുതലങ്ങളിൽ കർഷകകൂട്ടായ്മകളും 19ന് കർഷകയൂണിയൻ ജില്ലാതലയോഗവും കൂടുന്നതിനും തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് നോബിൾ ജോസഫ് അദ്ധ്യക്ഷതവഹിച്ചു. ഡെപ്യൂട്ടി ചെയർമാൻ പി.സി. ജോസഫ് എക്സ് എം.എൽ.എ, സംസ്ഥാന സെക്രട്ടറിമാരായ ആന്റണി ആലഞ്ചേരി, ബേബി പതിപ്പള്ളി, ജോസ് പൊട്ടംപ്ലാക്കൽ, കർഷകയൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ, കെ.റ്റി.യു.സി. സംസ്ഥാന പ്രസിഡന്റ് കൊച്ചറമോഹനൻ നായർ, പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.എ. ഉലഹന്നാൻ, ജില്ലാ സെക്രട്ടറി പ്രദീപ് ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.