തൊടുപുഴ: തൊടുപുഴ നഗരസഭ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. മുസ്ലിംലീഗ് അംഗം സി.കെ. ജാഫർ രാജിവെച്ചതിനെ തുടർന്നാണ് പുതിയ വൈസ് ചെയർമാനെ തെരഞ്ഞെടുക്കുന്നത്. യു.ഡി.എഫ് ധാരണപ്രകാരം കോൺഗ്രസ് അംഗമായ എം.കെ. ഷാഹുൽ ഹമീദാണ് സ്ഥാനാർത്ഥി. രാജീവ് പുഷ്പാംഗദനാകും എൽ.ഡി.എഫ് സ്ഥാനാർത്ഥി. ബി.ജെ.പി മുൻ തിരഞ്ഞെടുപ്പുകളിലെ പോല ഒരു മുന്നണിയെയും പിന്തുണയ്ക്കാതെ നിഷ്പക്ഷ നിലപാട് സ്വീകരിക്കും. രാവിലെ 11ന് കൗൺസിൽ ഹാളിലാണ് തിരഞ്ഞെടുപ്പ്. നിലവിൽ ഒരാളുടെ ഭൂരിപക്ഷമുള്ള യു.ഡി.എഫ് ഉറച്ച വിജയ പ്രതീക്ഷയിലാണ്. 35 അംഗ നഗരസഭ കൗൺസിലിൽ 14 പേർ യു.ഡി.എഫ്,​ 13പേർ എൽ.ഡി.എഫ് ബി.ജെ.പിക്ക് എട്ട് എന്നിങ്ങനെയാണ് അംഗബലം. ഇനിയുള്ള ആദ്യ ആറുമാസം കോൺഗ്രസിനും അവസാന ടേമിൽ കോൺഗ്രസ് എമ്മിനും വൈസ് ചെയർമാൻ സ്ഥാനം നൽകാൻ വെള്ളിയാഴ്ച ചേർന്ന യു.ഡി.എഫ് നേതാക്കളുടെ യോഗം തീരുമാനിച്ചു. യോഗത്തിൽ ടി.കെ. സുധാകരൻ നായർ ഒഴിെക 13 യു.ഡി.എഫ് കൗൺസിലർമാരും പങ്കെടുത്തു. കഴിഞ്ഞ വർഷം നടന്ന ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ ടി.കെ. സുധാകരൻനായരുടെ വോട്ട് അസാധുവായതിനെ തുടർന്ന് നറുക്കെടുപ്പ് നടക്കുകയും ഇതിൽ എൽ.ഡി.എഫിലെ മിനി മധു ചെയർപേഴ്‌സൺ ആകുകയും ചെയ്തു. ഇത് വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിലും സംഭവിക്കാമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നത്.