തൊടുപുഴ: ഓട്ടോയിൽ മറന്നുവെച്ച 20000 രൂപയുടെ വസ്ത്രങ്ങൾ ഡ്രൈവർ ഉടമയ്ക്ക് കൈമാറി. കാഞ്ഞിരമറ്റം ബൈപാസ് എട്ടാം നമ്പർ സ്റ്റാൻഡിലെ ഡ്രൈവർ ഇടവെട്ടി കല്ലുറുമ്പിൽ കെ.എം.അനീഷാണ് വസ്ത്രങ്ങൾ തിരികെ നൽകി മാതൃകയായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം. തൊടുപുഴ ആനക്കൂട് സ്വദേശിയുടെ ഭാര്യയും സഹോദരിയുമാണ് വിലകൂടിയ സാരികൾ ഓട്ടോയിൽ മറന്നുവെച്ചത്. ഇതിന് ശേഷം രണ്ട് യാത്രക്കാർ കൂടി വണ്ടിയിൽ കയറി. തിരികെ സ്റ്റാൻഡിലെത്തിയപ്പോഴാണ് ഓട്ടോയിൽ സാരിയിരിക്കുന്നത് കണ്ടത്. എന്നാൽ ആരാണ് ഇതു മറന്നുവെച്ചതെന്ന് അനീഷിന് മനസിലായില്ല. തുടർന്ന് സ്റ്റാൻഡിലെ ഓട്ടോക്കാരോടും മറ്റ് സ്റ്റാൻഡുകളിലും അനീഷ് വിവരം അറിയിച്ചു. ഇതിനിടെ നഷ്ടപ്പെട്ട സാരിക്ക് പകരം വേറെ സാരി വാങ്ങാനായി പോയ സ്ത്രീകൾ ഒരു ഓട്ടോക്കാരനോട് വിവരം പറഞ്ഞു. അയാൾ അനീഷിനെ വിവരമറിയിച്ചു. തുടർന്ന് പൊലീസ് സ്‌റ്റേഷനിൽ വെച്ച് അനീഷ് ഇവർക്ക് സാരി കൈമാറുകയായിരുന്നു. ബന്ധുവിന്റെ കല്യാണത്തിനായി വാങ്ങിയ സാരികൾക്ക് ബ്ലൗസ് തയ്പ്പിക്കാൻ പോകവെയാണ് സാരി മറന്നുവെച്ചതെന്ന് സ്ത്രീകൾ പറഞ്ഞു.