തൊടുപുഴ: മുട്ടം കോടതി സമുച്ചയത്തിൽ എ.ടി.എം കൗണ്ടർ സ്ഥാപിക്കണമെന്ന് ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മുന്നൂറോളം കോടതി ജീവനക്കാർ, വിവിധയിടങ്ങളിൽ നിന്ന് വരുന്ന പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥർ, അഭിഭാഷകർ, ഗുമസ്ഥന്മാർ, പൊതുജനങ്ങൾ, കോടതി പരിസരത്ത് പ്രവർത്തിക്കുന്ന ജില്ലാ ഹോമിയോ, ഐ.എച്ച്.ആർ.ഡി, പോളിടെക്‌നിക്ക്, ജില്ലാ ജയിൽ മുതലായ ഓഫീസുകളിലെ ജീവനക്കാർ തുടങ്ങി ആയിരക്കണക്കിന് പേർക്ക് കോടതി പരിസരത്ത് എ.ടി.എം കൗണ്ടർ വന്നാൽ വളരെയധികം പ്രയോജനപ്രദമാണ്. ഇതിന് മുമ്പും കോടതി പരിസരത്ത് എ.ടി.എം കൗണ്ടർ സ്ഥാപിക്കുന്നതിന് നിവേദനം നൽകിയിട്ടുള്ളതാണെന്ന് ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ആർ. ബിജുമോൻ, ജില്ലാ സെക്രട്ടറി ഒ.കെ. അനിൽകുമാർ എന്നിവർ പറഞ്ഞു.