നെടുങ്കണ്ടം: ഹൈറേഞ്ചിലെ പ്രധാന പട്ടണങ്ങളായ നെടുങ്കണ്ടത്തെയും അടിമാലിയെയും തമ്മിൽ ബന്ധിപ്പിയ്ക്കുന്ന മൈലാടുംപാറ- തിങ്കൾക്കാട് റോഡ് അറ്റകുറ്റപണി കഴിഞ്ഞ് ദിവസങ്ങൾക്കകം തകർന്ന് തരിപ്പണമായി. നെടുങ്കണ്ടം അടിമാലി റൂട്ടിലോടുന്ന ബസുകളും സ്‌കൂൾ വാഹനങ്ങളുമടക്കം ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് തിങ്കൾക്കാട്- മൈലാടുംപാറ- മുനിയറ റോഡിലൂടെ കടന്നു പോകുന്നത്. കാലങ്ങളായി റോഡ് ശോചനീയാവസ്ഥയിലായിരുന്നു. എന്നാൽ അടുത്തിടെ അറ്റകുറ്റ പണികൾ നടത്തിയിരുന്നു. എന്നാൽ കാര്യക്ഷമമല്ലാത്തതിനാലാണ് റോഡ് വീണ്ടും തകരാൻ ഇടയാക്കിയതെന്ന് നാട്ടുകാർ പറയുന്നു. ചരലുകളിലും ഇളകി കിടക്കുന്ന മെറ്റലുകളിലും കയറി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. റോഡിന്റെ പല ഭാഗത്തും വൻ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ചില ഭാഗങ്ങളിൽ കുഴികൾ മെറ്റലുകളിട്ട് നികത്തിയിട്ടുണ്ട്. എന്നാൽ വാഹനങ്ങൾ കടന്നു പോകുമ്പോൾ വളവുകളിലും മറ്റുമുള്ള ഗട്ടറുകളിൽ ഇളകി കിടക്കുന്ന കരിങ്കൽ ചീളുകൾ കാൽ നടയാത്രികരുടെ ദേഹത്തേയ്ക്ക് തെറിച്ച് അപകടമുണ്ടാകുന്നുണ്ട്. ബി.എം.പി.സി റോഡിൽ ഉൾപ്പെടുത്തി 17 കോടി രൂപ സർക്കാർ ഈ റോഡിനായി വകയിരുത്തിയിട്ടുണ്ട്. എന്നാൽ ടെണ്ടർ നടപടികൾ പൂർത്തിയായിട്ടില്ല.