തൊടുപുഴ: ജില്ലയിൽ വലിയ ടൗണുകൾ മുതൽ വിനോദസഞ്ചാരകേന്ദ്രങ്ങൾ വരെയുള്ള സ്ഥലങ്ങളിൽ കാൽനട യാത്രക്കാർ പോലും ഗതാഗതക്കുരുക്കിൽപ്പെട്ട് നട്ടം തിരിയുന്ന അവസ്ഥയിലും പരിഹാരം കാണേണ്ട അധികാരികൾ ഒരു നടപടിയും സ്വീകരിക്കുന്നില്ല. പ്രാദേശികമായ ഗതാഗത പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണേണ്ട ചുമതല ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ്. തൊടുപുഴ, ഇളംദേശം ബ്ലോക്കുകളുടെ പരിധിയിൽ 13 പഞ്ചായത്തും തൊടുപുഴ നഗരസഭയുമാണ് ലോറേഞ്ചിലുള്ള തദ്ദേശ സ്ഥാപനങ്ങൾ. ഇവിടങ്ങളിൽ ഭൂരിപക്ഷം സ്ഥാപനങ്ങളിലും കഴിഞ്ഞ രണ്ട് വർഷങ്ങളായി ഗതാഗത ഉപദേശക സമിതി ചേർന്നട്ടില്ല. മുട്ടം, കരിങ്കുന്നം, പുറപ്പുഴ, വണ്ണപ്പുറം, കരിമണ്ണൂർ, ഉടുമ്പന്നൂർ എന്നീ പഞ്ചായത്തുകളിലും തൊടുപുഴ നഗരസഭയിലും ചെറുതും വലുതുമായ ടൗൺ ഉള്ളതിനാൽ ഇവിടങ്ങളിലെ തദ്ദേശ സ്ഥാപനങ്ങൾ നിർബന്ധമായും ഗതാഗത ഉപദേശക സമിതികൾ കൃത്യമായി ചേരേണ്ടതുണ്ട്. തൊടുപുഴ ജോയിന്റ് ആർ.ടി.ഒ ഗതാഗത ഉപദേശക സമിതി ചേരണമെന്ന് പ്രദേശത്തുള്ള തദ്ദേശ സ്ഥാപങ്ങൾക്ക് നിരവധി തവണ കത്ത് നൽകിയിട്ടും ആരും ഇത് ഗൗരവമായെടുക്കുന്നില്ല. തദ്ദേശ സ്ഥാപന അധികാരിക്കാണ് സമിതി വിളിച്ച് ചേർക്കാനുള്ള ചുമതല.

കുരുക്കിന് കുരുക്കിടേണ്ട സമിതി
റവന്യൂ,​മോട്ടോർ വാഹനം,​ പൊലീസ്, ​പൊതുമരാമത്ത് എന്നീ വകുപ്പുകളുടെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ രൂപീകരിക്കുന്ന പ്രാദേശിക ഗതാഗത ഉപദേശക സമിതിയാണ് അതത് മേഖലകളിലുണ്ടാവുന്ന ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടത്. മോട്ടോർ വാഹന വകുപ്പ് പ്രതിനിധിയാണ് കൺവീനറാകേണ്ടത്. ഗതാഗതക്കുരുക്ക് മാത്രമല്ല അനധികൃത പാർക്കിംഗ്, ആട്ടോ-ടാക്സി സ്റ്റാൻഡുകളുടെ പ്രവർത്തനം, ടൗണിലെ അനധികൃത കൈയേറ്റങ്ങൾ, ബസ് സ്റ്റോപ്പുകളുടെ നിർണയം തുടങ്ങിയ കാര്യങ്ങളിൽ തീരുമാനം എടുക്കാനുള്ള ഔദ്യോഗിക ഉത്തരവാദിത്തം ഗതാഗത ഉപദേശ സമിതിക്കാണ്.

കുരുക്കഴിയാതെ ചെറുടൗണുകളും

ചെറിയ ടൗണുകളിൽ പോലും ചെറുതും വലുതുമായ വാഹനങ്ങൾ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിലകപ്പെടുന്നുണ്ട്. പ്രധാന ജംഗ്ഷനുകളിൽ പേരിന് ഒന്നോ രണ്ടോ പൊലീസുണ്ടാകുമെങ്കിലും ഗതാഗത നിയന്ത്രണങ്ങൾ പ്രവർത്തികമാകില്ല.

സമിതി അംഗങ്ങൾ

 നഗരസഭാതലം

അദ്ധ്യക്ഷൻ- നഗരസഭ ചെയർമാൻ/ ചെയർപേഴ്സൺ

കൺവീനർ- ജോയിന്റ് ആർ.ടി.ഒ

അംഗങ്ങൾ- തഹസീൽദാർ, ഡിവൈ.എസ്.പി, പൊതുമരാമത്ത് അസി. എക്സിക്യൂട്ടീവ് എൻജിനീയർ.

 പഞ്ചായത്ത്‌ തലം

അദ്ധ്യക്ഷൻ- പ്രസിഡന്റ്

കൺവീനർ- ജോയിന്റ് ആർ.ടി.ഒ

അംഗങ്ങൾ- വില്ലേജ് ഓഫീസർ, സർക്കിൾ ഇൻസ്‌പെക്ടർ, പൊതുമരാമത്ത് അസി. എൻജിനീയർ