തൊടുപുഴ: നഗരസഭ വൈസ് ചെയർമാനായി യു.ഡി.എഫിലെ എം.കെ. ഷാഹുൽഹമീദിനെ തിരഞ്ഞെടുത്തു. ഇന്നലെ നഗരസഭ ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ 13 നെതിരെ 14 വോട്ടുകൾക്ക് സി.പി.എമ്മിലെ രാജീവ് പുഷ്പാംഗദനെയാണ് ഷാഹുൽ ഹമീദ് പരാജയപ്പെടുത്തിയത്. എട്ടംഗങ്ങളുള്ള ബി.ജെ.പി പതിവു പോലെ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. ബി.ജെ.പി അംഗമായ ജിഷ ബിനു ഹാജരായില്ല. മുസ്ലീംലീഗിലെ എ.എം. ഹാരിദാണ് ഷാഹുൽഹമീദിന്റെ പേര് നിർദേശിച്ചത്. ചെയർപേഴ്‌സൺ ജെസി ആന്റണി പിന്താങ്ങി. ആർ. ഹരിയാണ് രാജീവ് പുഷ്പാംഗദന്റെ പേര് നിർദേശിച്ചത്. സുമമോൾ സ്റ്റീഫൻ പിന്താങ്ങി. യു.ഡി.എഫ് ധാരണ പ്രകാരം മുസ്ലീംലീഗ് അംഗം സി.കെ. ജാഫർ രാജിവച്ച ഒഴിവിലായിരുന്നു തിരഞ്ഞെടുപ്പ്. കോൺഗ്രസ് വിമതന്റെ കാലയളവ് കഴിഞ്ഞാൽ കേരള കോൺഗ്രസിനാണ് വൈസ് ചെയർമാൻ പദം. ഈ ഭരണ സമിതി അധികാരത്തിലെത്തിയ ശേഷമുള്ള മൂന്നാമത്തെ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പാണ് ഇന്നലെ നടന്നത്. നഗരസഭ 20ാം വാർഡായ മുതലിയാർമഠം പ്രതിനിധിയായ ഷാഹുൽഹമീദ് കോൺഗ്രസ് വിമതനായി മൽസരിച്ചാണ് വിജയിച്ചത്. ഐ.എൻ.ടി.യു.സി നേതാവാണ്.