തൊടുപുഴ: പതിവിന് വിരുദ്ധമായി നഗരസഭ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകരെ വരണാധികാരിയായ ഇടുക്കി ആർ.ഡി.ഒ അതുൽ എസ്. നാഥ് കൗൺസിൽ ഹാളിൽ നിന്ന് പുറത്താക്കി. മാദ്ധ്യമപ്രവർത്തകർ ബന്ധപ്പെട്ടതനുസരിച്ച് ഇടുക്കി കളക്ടർ എച്ച്. ദിനേശൻ ആവശ്യപ്പെട്ടിട്ടും ആർ.ഡി.ഒ മാദ്ധ്യമങ്ങളെ കയറ്റിയില്ലെന്ന് ആക്ഷേപമുണ്ട്. മുൻകാലങ്ങളിൽ നടന്ന ചെയർപേഴ്‌സൺ, വൈസ് ചെയർമാൻ തിരഞ്ഞെടുപ്പുകൾ മാദ്ധ്യമപ്രവർത്തകർ കൗൺസിൽ ഹാളിലിരുന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, ഇന്നലെ രാവിലെ 11ന് കൗൺസിൽഹാളിൽ തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകരോട് ആർ.ഡി.ഒ പുറത്തുപോകാൻ ആവശ്യപ്പെടുകയായിരുന്നു. കൗൺസിലർമാർ, നഗരസഭാ ഉദ്യോഗസ്ഥർ, തിരഞ്ഞെടുപ്പ് ചുമതലയുള്ളവർ എന്നിവർക്ക് മാത്രമായിരുന്നു പ്രവേശനം. മാദ്ധ്യമപ്രവർത്തകരെ പുറത്താക്കി ഹാൾ അകത്ത് നിന്ന് പൂട്ടി. ഇക്കാര്യമറിഞ്ഞ് മാദ്ധ്യമപ്രവർത്തകർ തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്‌കരനെയും കളക്ടർ എച്ച്. ദിനേശനെയും വിവരമറിയിച്ചു. കളക്ടർ ആർ.ഡി.ഒയെ ബന്ധപ്പെട്ടു. എന്നിട്ടും മാദ്ധ്യമപ്രവർത്തകരെ പ്രവേശിപ്പിക്കാൻ കൂട്ടാക്കിയില്ല. മുൻ പതിവുകൾക്ക് വിരുദ്ധമാണ് ഈ നടപടിയെന്ന് മാദ്ധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയിട്ടും ഫലമുണ്ടായില്ല. വരണാധികാരിയുടെ തീരുമാനമാണ് വലുതെന്ന നിലപാടിലായിരുന്നു ആർ.ഡി.ഒ. തുടർന്ന് വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് റിപ്പോർട്ടിംഗ് ബഹിഷ്‌കരിച്ച് മാദ്ധ്യമപ്രവർത്തകർ മടങ്ങി. നിയമസഭ, കോർപറേഷൻ, നഗരസഭ എന്നിവിടങ്ങളിലെല്ലാം ഇത്തരം തെരഞ്ഞെടുപ്പുകൾ റിപ്പോർട്ട് ചെയ്യാൻ മാദ്ധ്യമപ്രവർത്തകർക്ക് കാലങ്ങളായി അനുവാദമുണ്ട്.
''മാദ്ധ്യമങ്ങളെ കയറ്റാൻ പാടില്ലെന്ന നിയമമൊന്നുമില്ല. വാരണാധികാരിയായ തനിക്ക് അതിനുള്ള അധികാരമുണ്ട്. ചെറിയ കൗൺസിൽ ഹാളിൽ മാദ്ധ്യമങ്ങളെ കയറ്റിയാൽ സുഗമമായി തിരഞ്ഞെടുപ്പ് നടത്താനാവില്ല. അതിനാലാണ് തടഞ്ഞത്."
- അതുൽ എസ്. നാഥ് (ആർ.ഡി.ഒ)