തൊടുപുഴ: ഇന്നലെ വൈകിട്ട് തൊടുപുഴയിലും പരിസരപ്രദേശങ്ങളിലും ശക്തമായ ഇടിമിന്നലിന്റെ അകമ്പടിയോടെ പെയ്ത കനത്ത കാറ്റിലും മഴയിലും ജനം വിറങ്ങലിച്ചു. വൈകിട്ട് അഞ്ച് മണിക്ക് ആരംഭിച്ച പേമാരി അരമണിക്കൂറിലേറെ നീണ്ടു. പാലാ റോഡിലും മൂവാറ്റുപുഴ റോഡിലും ബീമാജംഗ്ഷനിലുമടക്കം പലഭാഗങ്ങളിലും നിമിഷനേരത്തിനുള്ളിൽ വെള്ളം കയറി. അടഞ്ഞ ഓടകൾ വഴി വെള്ളമൊഴുകാതെ പല കടകളിലും വെള്ളം കയറി. തൊടുപുഴ- മണക്കാട് റോഡ്, കെ.എസ്.ആർ.ടി.സി ജംഗ്ഷൻ, മങ്ങാട്ടുകവല- വെങ്ങല്ലൂർ നാലുവരിപാത എന്നിവിടങ്ങളിൽ കാറ്റിൽ മരങ്ങൾ കടപുഴകി. അഗ്നിശമനസേനയെത്തിയാണ് മരങ്ങൾ മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. ശക്തമായ മിന്നലിൽ പലയിടത്തും വൈദ്യുതോപകരണങ്ങൾ തകരാറിലായി. മഴയിൽ പോയ വൈദ്യുതി രാത്രി എട്ട് മണിയോടെയാണ് നഗരത്തിൽ പുനഃസ്ഥാപിച്ചത്. മറ്റിടങ്ങളിൽ രാത്രി വൈകിയും വൈദ്യുതിയെത്തിയിട്ടില്ല.
കഴിഞ്ഞ മഴയിൽ വ്യാപകകൃഷി നാശം
കഴിഞ്ഞ ദിവസം പെയ്ത മഴയിലും കാറ്റിലും പെരുമ്പിള്ളിച്ചിറ ഭാഗത്ത് വ്യാപകകൃഷിനാശം. വ്യാഴാഴ്ചയുണ്ടായ മഴയിൽ കുമാരമംഗലം കാഞ്ഞിരക്കാട്ട് കെ.കെ. ശ്രീകുമാറിന്റെ 70 സെന്റ് സ്ഥലത്തെ വാഴയും കപ്പയും പൂർണമായും നശിച്ചു. 380 കുലച്ച വാഴകളാണ് കാറ്റിൽ ഒടിഞ്ഞുവീണത്. 100 ചുവട് കപ്പയും നശിച്ചു. ആകെ 500 വാഴകളുണ്ടായിരുന്നതിൽ 120 വാഴകൾ പ്രളയസമയത്തുണ്ടായ കാറ്റിൽ നശിച്ചിരുന്നു. ഏകദേശം രണ്ടര ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. വാഴകൾ ഇൻഷുർ ചെയ്തിരുന്നു. കൃഷിവകുപ്പ് അധികൃതർ കൃഷിനാശം നേരിൽകണ്ടുപോയി. സമീപത്തുള്ള പലരുടെയും കൃഷി ഇത്തരത്തിൽ കാറ്റിൽ നശിച്ചിട്ടുണ്ട്.