ചെറുതോണി: ആഗസ്റ്റ് 22 ലെ ഭൂവിനിയോഗ ഉത്തരവിലും തുടർന്നുള്ള നിർമ്മാണ നിയന്ത്രണ ഉത്തരവിലും മാറ്റംവരുത്തി കർഷകരുടെ ആശങ്ക അകറ്റുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ്. ഇതിനാവശ്യമായ നിയമ ഭേദഗതിക്കും ചട്ടങ്ങളുടെ പുനർ ക്രമീകരണത്തിനും സർക്കാർ തയ്യാറാകണം.1964 ലെയും 1993 ലെയും ഭൂമി പതിവ് ചട്ടങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തി ജില്ലയിലെ കർഷകരെ സംരക്ഷിക്കുന്ന നിലപാടാകണം സർക്കാർ സ്വീകരിക്കേണ്ടത്. കോൺഗ്രസിനും യുഡിഎഫിനും ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ സംബന്ധിച്ച് പലനിലപാടുകളാണ് ഉള്ളത്. യു.ഡി.എഫ് സമരം ഒട്ടും ആത്മാർത്ഥതയില്ലാത്തതും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ളതുമാണ്. 2010 മുതൽ തുടർന്നുവരുന്ന പരിസ്ഥിതി സംബന്ധമായ കേസുകളിലെ തുടർച്ചയായാണ് 2016 ൽ ഹൈക്കോടതി വിധിയുണ്ടാവുന്നത്. കേസുകളുടെ കാര്യത്തിൽ യു.ഡി.എഫ് സർക്കാർ സ്വീകരിച്ച കർഷക വിരുദ്ധമായ നിലപാടുകളലൂടെയാണ് ഇപ്പോഴുണ്ടായിട്ടുള്ള ഹൈക്കോടതി വിധിയിലേക്ക് എത്തിച്ചേർന്നത്. അഖിലേന്ത്യാനേതൃത്വത്തിന്റെ സഹായത്തോടെ അന്തർദേശീയ തലത്തിൽ നടത്തിയ നീക്കത്തിലൂടെയാണ് ഗാഡ്ഗിൽ കസ്തൂരിരംഗൻ റിപ്പോർട്ടുകൾ ഇടുക്കിയുടെ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിച്ചത്. ഉടുമ്പൻചോല വന്യജീവി ഇടനാഴി സ്ഥാപിക്കാനുള്ള നീക്കം നടത്തിയതും പെരിയാർ വന്യജീവി സങ്കേതത്തിന്റെ വിസ്തൃതി വർദ്ധിപ്പിക്കാനുള്ള ശ്രമം നടത്തിയതും ഹൈറേഞ്ച് മൗണ്ടൻ ലാന്റ് സ്‌കേപ് പദ്ധതി (എച്ച്.ആർ.എം.എൽ) തുടങ്ങിയ കരിനിയമങ്ങൾ മരണവാറണ്ടായി കൊണ്ടുവന്നതും കോൺഗ്രസാണ്. 16 ഉപാധികളുള്ള പട്ടയം അടിച്ചേൽപ്പിച്ചതും പട്ടയം പതിച്ചുനൽകുന്നതിന് വരുമാനപരിധി കൊണ്ടുവന്നതും പട്ടയം നൽകുന്നതിനുള്ള കൃഷി ഭൂമിയുടെ വിസ്തൃതി നാല് ഏക്കറായിരുന്നത് ഒരു ഏക്കറായി ചുരുക്കിയതും യു.ഡി.എഫ് സർക്കാരാണ്. കർഷകർ നട്ടുവളർത്തിയ മരങ്ങൾ മുറിക്കാനുള്ള അവകാശം നിഷേധിച്ച് ഉത്തരവ് ഇറക്കിയതും യു.ഡി.എഫ് ഭരണകാലത്താണ്. ഇതിനെല്ലാം മാറ്റങ്ങൾ വരുത്തി കർഷകർക്ക് അനുകൂലമായ ചട്ടഭേദഗതിയും ഉത്തരവുകളും ഇറക്കിയത് പിണറായി സർക്കാരാണ്. ഗാഡ്ഗിൽ കസ്തൂരിരംഗൻ റിപ്പോട്ടുകൾക്കെതിരെ അതിശക്തമായ പ്രഷോഭമാണ് സി.പി.എം നടത്തിയിട്ടുള്ളത്. കോൺഗ്രസാകട്ടെ ഇത്തരം കർഷകപോരാട്ടങ്ങളെയെല്ലാം പിന്നിൽ നിന്ന് കുത്തുകയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ 2013 നവംബർ 13 ലെ ഉത്തരവിലൂടെ ഇടുക്കിയിലുൾപ്പെടെ നിർമ്മാണ നിയന്ത്രണവും അടിച്ചേൽപ്പിക്കുകയുമായിരുന്നെന്നും കെ.കെ. ജയചന്ദ്രൻ പറഞ്ഞു.