തൊടുപുഴ: കോലാനി നടുക്കണ്ടത്ത് പച്ചത്തുരുത്തിനും ജൈവവൈവിധ്യ പാർക്കിനുമായി കണ്ടെത്തിയ സ്ഥലത്ത് ലോറിയിൽ നാലിന്യം തള്ളി. പരിസരവാസികളുടെ എതിർപ്പ് വകവെയ്ക്കാതെ ടിപ്പറിൽ രണ്ടു ലോഡ് മാലിന്യമാണ് ഇവിടെ ഡമ്പ് ചെയ്തത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഇടതുകനാലിനോട് ചേർന്നു കിടക്കുന്ന ഭാഗത്താണ് വൻതോതിൽ മാലിന്യം നിക്ഷേപിച്ചത്. നഗരസഭ ഹരിതകേരളത്തിന്റെ പച്ചത്തുരുത്തിനായി നീക്കിയിട്ടിരിക്കുന്ന ഭൂമിയാണിത്. പരിസരവാസിയായ മാത്യു അറിയിച്ചതിനെ തുടർന്ന് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. മാത്യു ജോസഫും വാർഡ് കൗൺസിലർ ആർ. ഹരിയും സ്ഥലത്തെത്തി. ഹരിതകേരളം ജില്ലാ കോർഡിനേറ്റർ ഡോ. ജി.എസ്. മധുവും നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ ജോയ്സുമെത്തി പൊതുസ്ഥലത്ത് മാലിന്യങ്ങൾ നിക്ഷേപിച്ചതിനെതിരെ നടപടിക്ക് പൊലീസിലേയ്ക്ക് റിപ്പോർട്ട് ചെയ്തു. കെ.എൽ. 046746 രജിസ്‌ട്രേഷൻ നമ്പരുള്ള ടിപ്പറിലാണ് മാലിന്യം കൊണ്ടുവന്നതെന്ന് പരിസരവാസികൾ പൊലീസിനെ അറിയിച്ചു. തുടർന്ന് കേസെടുത്ത പൊലീസ് ടിപ്പർ ലോറി പിടിച്ചെടുത്തു. ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. വണ്ടിയുടമയുടെ പേരിലും മാലിന്യം നിക്ഷേപിക്കാൻ നിർദേശിച്ചയാളുടെ പേരിലും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. മാലിന്യം നീക്കുന്ന ക്വട്ടേഷൻ ഏറ്റെടുത്ത സംഘമാണ് സംഭവത്തിനു പിന്നിലെന്ന് ഡിവൈ.എസ്പി കെ.പി. ജോസ് പറഞ്ഞു.