മറയൂർ: വട്ടവട പഞ്ചായത്തിലെ കൃഷിയിടങ്ങളിൽ തുള്ളിനന പദ്ധതിക്കായി കൊണ്ടുവന്ന കോടികൾ വിലമതിക്കുന്ന പൈപ്പുകൾ കാടുകയറി നശിക്കുന്നു. വട്ടവട പഞ്ചായത്തിലെ കീഴ്‌വയൽ, ഒറ്റമരം, വഞ്ചിവയൽ എന്നിവിടങ്ങളിൽ കൂറ്റൻ ടാങ്കുകൾ നിർമിച്ച്, ഇടമലയാറിലെ കീഴ്‌വയലിൽ ചെക്ക് ഡാം പണിത് വെള്ളം ശേഖരിച്ച് ടാങ്കുകളിലെത്തിച്ച ശേഷം പൈപ്പുകൾ വഴി ഒരോകൃഷിയിടത്തും എത്തിക്കുന്നതായിരുന്നു പദ്ധതി. പദ്ധതിയുടെ ആദ്യഘട്ടമായി 8.60 കോടി രൂപ ചെലവിൽ, നാലു കൂറ്റൻ ടാങ്കുകൾ നിർമിക്കുകയും 225 ഹെക്ടർ കൃഷിയിടത്തിലേക്കുള്ള പൈപ്പുകളും എത്തിക്കുകയും ചെയ്തിരുന്നു. പിന്നീട് ചില പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ എതിർപ്പിനെ തുടർന്ന് പദ്ധതി ഉപേക്ഷിച്ചു. പദ്ധതിക്കായി എത്തിച്ച കോടികളുടെ പൈപ്പുകൾ കോവിലൂർ ഇടമണലിൽ പാതയോരത്ത് കാടുപിടിച്ച് നശിച്ച നിലയിലാണിപ്പോൾ. ഇതിനിടയിലാണ് കഴിഞ്ഞദിവസം വട്ടവടയിലെത്തിയ കൃഷിമന്ത്രി വട്ടവടയിലെ ജലസേചന പദ്ധതിക്കായി 15 കോടി രൂപ വീണ്ടും പ്രഖ്യാപിച്ചത്.
പാഴാകുന്നത് കോടികൾ
2016ൽ വട്ടവടയിലെ കർഷകർക്ക് വേനൽക്കാലത്തും പച്ചക്കറി കൃഷികൾ നടത്താനായി അന്നത്തെ യു.ഡി.എഫ്.സർക്കാരാണ് തുള്ളിനന പദ്ധതി പ്രഖ്യാപിച്ചത്. 900 കർഷകർക്ക് പ്രയോജനം ലഭിക്കുമായിരുന്ന പദ്ധതിക്കായി 11.60 കോടി രൂപയാണ് അനുവദിച്ചത്. കേന്ദ്ര നബാർഡാണ് പദ്ധതിക്കായി പണം നൽകിയത്. ജലസേചന വകുപ്പിന് കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാക്ചർ ഡവലപ്പ്‌മെന്റ് കോർപ്പറേഷനാണ് നടത്തിപ്പ് ചുമതല.