park
ഇടുക്കി അണക്കെട്ടിന് സമീപമുള്ള ഹിൽവ്യൂ പാർക്കിലുള്ള അഡ്വഞ്ചർ ടൂറിസം

ചെറുതോണി: പൂജാ അവധി ആരംഭിച്ചതോടെ ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ കാണുന്നതിന് സന്ദർശകരുടെ തിരക്കേറി. പതിവിന് വിപരീതമായി തമിഴ്നാട്ടിൽ നിന്നും നോർത്ത് ഇന്ത്യയിൽ നിന്നും ടൂറിസ്റ്റ് ഗൈഡുകൾ പുറത്ത് നിന്ന് വരുന്ന സന്ദർശകർക്ക് പ്രധാനപ്പെട്ട ടൂറിസ്റ്റുകേന്ദ്രങ്ങൾ കാണുന്നതിന് സൗകര്യം ചെയ്തു നൽകുന്നുണ്ട്. അതിനാൽ വാഗമണ്ണിലെത്തുന്ന സന്ദർശകർ അഞ്ചുരുളി, കാൽവരിമൗണ്ട്, ഇടുക്കി, രാമക്കൽമേട് എന്നിവിടങ്ങളിലേയ്ക്കും മൂന്നാറിലെത്തുന്നവരെ ഇടുക്കിയിലേക്കും എത്തിക്കുന്നുണ്ട്. കാലാവസ്ഥയനുകൂലമായതിനാൽ കൂടുതൽ സന്ദർശകരെത്തുമെന്ന് ഹൈഡൽ ടൂറിസം ഉദ്യോഗസ്ഥർ പ്രതിക്ഷിക്കുന്നു. വനംവകുപ്പിന്റെ നേതൃത്വത്തിൽ വെള്ളാപ്പാറയിൽ നിന്ന് ബോട്ടിംഗ് നടത്തുന്നുണ്ട്. ഒരാൾക്ക് അരമണിക്കൂർ സഞ്ചരിക്കുന്നതിന് 145 രൂപയാണ് ഫീസ്. ബോട്ടിംഗിനും നല്ല തിരക്കുണ്ടന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഹൽവ്യൂ പാർക്കിലും സന്ദർശകരുടെ തിരക്കേറി. അണക്കെട്ട് കാണുന്നതിന് എത്തുന്നവരെല്ലാം ഹിൽവ്യൂ പാർക്കിലും എത്തുന്നുണ്ട്. ഓണാവധിയോടനുബന്ധിച്ച് സെപ്തംബർ മുതൽ ഡാമുകളിൽ സന്ദർശകർക്ക് നൽകിയ അനുമതി നവംബർ 30വരെയുണ്ട്.

1 ദിവസം 1 ലക്ഷം വരുമാനം

ഇന്നലെ മാത്രം ഒരുലക്ഷം രൂപയുടെ വരുമാനമാണ് ഹൈഡൽ ടൂറിസത്തിന് ലഭിച്ചു. ഇന്നലെ 3500 പേർ ഇടുക്കി ചെറുതോണി അണക്കെട്ടുകൾ കാണുന്നതിനെത്തി. 3146 മുതിർന്നവരും 314 കുട്ടികളുമാണ് എത്തിയത്. ഇതിൽ 500 പേർ ബഗി കാറിൽ യാത്രചെയ്തു. അണക്കെട്ട് കാണുന്നതിന് മുതിർന്നവർക്ക് 25 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ്. ബഗ്ഗി കാറിൽ യാത്ര ചെയ്യുന്നതിന് ഒരാൾക്ക് 50 രൂപയുമാണ് ഫീസ്.

അടിസ്ഥാന സൗകര്യമില്ല

ഇത്രയധികം സന്ദർശകർ ഇടുക്കിയിലെത്തിയിട്ടും തകരാറിലായ റോഡുകൾ നന്നാക്കുന്നതിനോ മറ്റടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനോ അധികൃതർ തയ്യാറായിട്ടില്ല. അണക്കെട്ടിലേയ്ക്കുള്ള റോഡിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തും റോഡിലേയ്ക്ക് വലിയ കല്ലുകൾ വീണ് കിടപ്പുണ്ട്. ഇവ നീക്കം ചെയ്യുന്നതിനോ സന്ദർശകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് കൂടുതൽ സൗകര്യമേർപ്പെടുത്തുന്നതിനോ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ലന്ന് സന്ദർശകർ പറയുന്നു.