കട്ടപ്പന: ഭൂവിനിയോഗ ഉത്തരവിന്റെ പേരിൽ യു.ഡി.എഫ് സമരവുമായി മുന്നോട്ടുവരുന്നത് സ്വന്തം ഭരണകാലത്ത് ഉണ്ടായിട്ടുള്ള വീഴ്ച മറച്ചു വച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് സി.പി.ഐ ജില്ലാ
സെക്രട്ടറി കെ.കെ. ശിവരാമൻ കട്ടപ്പനയിൽ പറഞ്ഞു. യു.ഡി.എഫ് ഭരണകാലത്ത് റിസോർട്ടുകൾ കെട്ടിപൊക്കുന്നതിന് മൗനാനുവാദം നൽകിയ ഇവർ സ്വന്തം വീഴ്ച ഇടതുപക്ഷ സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടത്തുന്നത്. ഭരണത്തിലിരുന്ന അഞ്ച് കൊല്ലവും ഭൂവിനിയോഗ ഉത്തരവിലെ അപാകതകൾ ചൂണ്ടിക്കാണിക്കാനോ ഇതിനെതിരെ ചെറുവിരൽ അനക്കാനോ തയ്യാറാകാതിരുന്ന യു.ഡി.എഫ് എൻ.ഒ.സി ഇല്ലാതെ തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ മൗനസമ്മതം നൽകുകയായിരുന്നു. ഇപ്പോൾ ഇതിന്റെ പേരിൽ സമരവുമായി രംഗത്തെത്തിയിരിക്കുന്നത് തട്ടിപ്പ് മറച്ചുവയ്ക്കാനാണെന്നും അദ്ദേഹം പറഞ്ഞു.