vazhathotam

തൊടുപുഴ: നഗരത്തിലും സമീപപ്രദേശങ്ങളിലും കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലും വ്യാപക നാശം. കുമാരമംഗലം ആരവല്ലിക്കാവിന് സമീപമുള്ള പെരിങ്ങാട്ടുപുത്തൻപുരയിൽ പി.ആർ. രമേശിന്റെ (ബാബു) വീടിനും ഗൃഹോപകരണങ്ങൾക്കും നാശനഷ്ടമുണ്ടായി. മഴയ്ക്കൊപ്പമുണ്ടായ ശക്തമായ ഇടിമിന്നലിലാണ് വീട്ടിലെ ഇലക്ട്രോണിക്ക് ഉപകരണങ്ങളും വീടിന്റെ മൂന്ന് ജനൽചില്ലുകളും അടുക്കള വാതിലിന്റെ ഭാഗത്തെ തറയും പൊട്ടിത്തെറിച്ചത്. വീടിനോട് ചേർന്നുള്ള ശുചി മുറിയിലെ ചുമരുകൾ തകർന്ന നിലയിലാണ്. ഫോൺ കേബിളുകളും, വൈദ്യുതി കേബിളുകളും കത്തിനശിച്ചു. തൊടുപുഴ മുതലിയാർമഠം ഭാഗത്ത് പടിഞ്ഞാറേയിൽ സുമേഷ് ജോസഫ് സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്ത വാഴത്തോട്ടം നശിച്ചു. കുലച്ച നൂറിലേറെ ഏത്തവാഴകൾ ഒടിഞ്ഞു വീണു. കൃഷി വകുപ്പ് അധികൃതർ അടുത്ത ദിവസം എത്തി നഷ്ടം കണക്കാക്കുമെന്ന് അറിയിച്ചതായി സുമേഷ് പറഞ്ഞു.