തൊടുപുഴ: നഗരസഭാദ്ധ്യക്ഷർക്ക് പേഴ്സണൽ അസിസ്റ്റന്റിനെ നിയമിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ. നഗരസഭാദ്ധ്യക്ഷരുടെ സംസ്ഥാന സമിതിയായ ചെയർമാൻസ് ചേമ്പറിന്റെ അഭ്യർത്ഥനയെ തുടർന്നാണ് സർക്കാരിന്റെ പുതിയ തീരുമാനം. സംസ്ഥാനത്ത് 14 ജില്ലകളിലായി 87 നഗരസഭകളുണ്ട്. ഇവിടങ്ങളിൽ ഭരണനേതൃത്വം നൽകുന്ന ചെയർമാൻ, ചെയർപേഴ്സൺ എന്നിവരുടെ ഔദ്യോഗികമായ ദൈനംദിന പ്രവർത്തനങ്ങളെ സഹായിക്കാനാണ് പേഴ്സണൽ അസിസ്റ്റന്റിനെ നിയമിക്കുന്നത്. ഓഫീസിനകത്തുളള ഔദ്യോഗിക പ്രവർത്തനങ്ങൾ മാത്രമാണ് ഇവരുടെ ചുമതല. അതാത് നഗരസഭകളിലെ എൽ.ഡി ക്ളാർക്ക് തസ്തികയ്ക്ക് മുകളിലുളള ഉദ്യോഗസ്ഥനെയാണ് ഇതിലേയ്ക്ക് പരിഗണിക്കുക.
അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി പഞ്ചായത്ത് രാജ് - നഗരസഭ നിയമം പ്രാബല്യത്തിൽ വന്നതോടെ നഗരസഭകളിലെ മുഖ്യകാര്യ നിർവഹണ ചുമതലക്കാർ എന്ന നിലയിൽ ദിവസവും നൂറോളം ഫയലുകൾക്കാണ് നഗരസഭ അദ്ധ്യക്ഷർ തീർപ്പ് കൽപ്പിക്കേണ്ടിവരുന്നത്.
ഇത്തരമൊരു സാഹചര്യത്തിൽ നഗരസഭാദ്ധ്യക്ഷരെ സഹായിക്കാൻ പേഴ്സണൽ അസിസ്റ്റന്റ് ആവശ്യമാണെന്ന് സംസ്ഥാന വികേന്ദ്രീകരണ വകുപ്പിനും സർക്കാരിനും ബോദ്ധ്യം വന്നതോടെയാണ് ചെയർമാൻസ് ചേമ്പറിന്റെ അഭ്യർത്ഥന പ്രകാരം നിയമനത്തിന് അനുമതിയായത്. ഇതനുസരിച്ച് ജില്ലയിൽ തൊടുപുഴ,കട്ടപ്പന നഗരസഭകളിലെ അധ്യക്ഷർക്ക് പേഴ്സണൽ അസിസ്റ്റന്റിനെ നിയമിക്കാം.എന്നാൽ ജില്ലയിലുളള രണ്ട് നഗരസഭകളിലും കൗൺസിലർമാരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കൗൺസിലേഴ്സ് ഡസ്ക്ക് നിലവിൽ പ്രവർത്തിക്കുന്നുണ്ട്.
നഗരസഭയിലെ ജീവനക്കാരനെ പേഴ്സണൽ അസിസ്റ്റന്റായി നിയമിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ നിലവിൽ ജീവനക്കാരുടെ കുറവുണ്ട്. ഈ സാഹചര്യത്തിൽ ഉടനെ പേഴ്സണൽ അസിസ്റ്റന്റിനെ നിയമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് തൊടുപുഴ നഗരസഭ ചെയർപേഴ്സൺ ജെസി ആന്റണി പറഞ്ഞു. എന്നാൽ പേഴ്സണൽ അസിസ്റ്റന്റിനെ ഉടൻ നിയമിക്കുമെന്നും അതിനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞതായും കട്ടപ്പന നഗരസഭ ചെയർമാൻ ജോയ് വെട്ടിക്കുഴി പറഞ്ഞു.