തൊടുപുഴ: ജില്ലയിലെ ഭൂപ്രശ്‌നങ്ങളിൽ പരിഹാരം ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 21 മുതൽ 24 വരെ വാഹനപ്രചരണജാഥ നടത്തുമെന്ന് റോഷി അഗസ്റ്റ്യൻ എം.എൽ.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 1964 ചട്ടപ്രകാരമുള്ള പട്ടയങ്ങളിൽ നിർമാണനിരോധനം ഏർപ്പെടുത്തിയ ഉത്തരവ് പിൻവലിക്കുക, വ്യവസ്ഥകൾ ലംഘിച്ച് നടത്തിയ നിർമാണ പ്രവർത്തനങ്ങൾ ക്രമവത്കരിച്ചു നൽകുക, ബിൽഡിംഗ് പെർമിറ്റ് നിരോധിച്ചുള്ള തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഉത്തരവ് പിൻവലിക്കുക, കർഷകരുടെ കൈവശ ഭൂമിക്ക് ഉപാധിരഹിത പട്ടയം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ജാഥ. തൊടുപുഴ മുട്ടത്ത് നിന്ന് റോഷി അഗസ്റ്റ്യൻ എം.എൽ.എ, ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ എന്നിവരുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ജാഥ എല്ലാ നിയോജകമണ്ഡലങ്ങളിലും പര്യടനം നടത്തി 24ന് നെടുങ്കണ്ടത്ത് സമാപിക്കും. സമാപനസമ്മേളനം ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്യും.