തൊടുപുഴ: കേരള കോൺഗ്രസ് (ജേക്കബ്ബ്) സംസ്ഥാന ഉന്നതാധികാര സമതിയംഗം എ.എസ്. ഈപ്പനും അനുയായികളും പാർട്ടിയിൽ നിന്ന് രാജി വച്ച് കേരള കോൺഗ്രസിൽ (എം) ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിന്റെ സമഗ്രവികസനത്തിന് വ്യക്തമായ കാഴ്ചപ്പാടും നേതൃത്വവുമുള്ള പി.ജെ. ജോസഫിനൊപ്പം ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനം. കേരളത്തിലെ കാർഷികമേഖലയുടെ പ്രശ്‌നങ്ങളും ഭൂപ്രശ്‌നങ്ങളും പരിഹരിക്കാൻ ശക്തമായ കേരള കോൺഗ്രസ് പാർട്ടി ആവശ്യമാണ്. ജില്ലയിലെ പട്ടയഭൂമിയിൽ കൃഷിയല്ലാതെ മറ്റൊന്നും ചെയ്യാൻ പാടില്ലെന്ന് സംസ്ഥാന സർക്കാർ നിരോധന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത് ഇടുക്കിയെ പരിപൂർണമായി തകർക്കുന്നതാണ്. ജില്ലയിലെ ആശുപത്രികൾ, കച്ചവടസ്ഥാപനങ്ങൾ, സ്‌കൂളുകൾ തുടങ്ങി 1500 സ്‌ക്വയർ അടിയിൽ കൂടുതൽ വിസ്തീർണമുള്ള മുഴുവൻ കെട്ടിടങ്ങളും അവ നിർമ്മിച്ചിട്ടുള്ള വസ്തുക്കളും സർക്കാർ ഏറ്റെടുക്കുമെന്ന ഉത്തരവ് അത്യന്തം പ്രതിഷേധാർഹമാണ്. റബ്ബർ ഉൾപ്പെടെയുള്ള കാർഷിക ഉത്പന്നങ്ങളുടെ വിലയിടിവ് ഈ മേഖലയാകെ തളർത്തിയിരിക്കുകയാണ്. ഇത്തരം നീക്കങ്ങളിലൂടെ മലയോര കർഷകരുടെ ജീവിതം ദുസഹമാക്കുന്ന സമീപനത്തെ ചെറുക്കാൻ കേരള കോൺഗ്രസ്- എമ്മിനെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ കേരള കോൺഗ്രസ് ജേക്കബ് വിഭാഗം പാർട്ടിയിൽ നിന്ന് രാജിവച്ച പീരുമേട് നിയോജകമണ്ഡലം പ്രസിഡന്റ് ബിനു ജോണും പങ്കെടുത്തു.