മുട്ടം - റോഡരുകിൽ തളളിയ പാഴ് വസ്തുക്കൾ നീക്കം ചെയ്യാത്ത കെ എസ് ഇ ബി അധികൃതരുടെ നടപടിയിൽ വ്യാപകമായ അക്ഷേപം.മുട്ടം ബൈദ്യുതി സബ് സ്റ്റഷനിൽ നിന്ന് തൊടുപുഴ, മൂലമറ്റം ഭാഗങ്ങളിലേക്ക് വൈദ്യുതി വിതരണം നടത്തുന്നതിന്റെ ഭാഗമായി മുട്ടം മുതൽ തൊടുപുഴ വരെയുളള ഭാഗത്തെ റോഡരുകിലെ പഴയ വൈദ്യുതി കേബിളും വൈദ്യുതി പോസ്റ്റുകളും പൂർണ്ണമായും നീക്കം ചെയ്ത് മാറ്റി സ്ഥാപിച്ചിരുന്നു.ഇതിനായി കൊണ്ടു വന്ന പാഴ് വസ്തുക്കളാണ് മുട്ടം പ്രദേശത്തിന്റെ റോഡുകളിൽ വ്യാപകമായി തളളിയത്. മുട്ടം മുതൽ മ്രാലക്കവല വരെയുളള റോഡിന്റെ രണ്ട് വശങ്ങളിലാണ് ഇതെല്ലാം കൂടുതലായി തളളിയിരിക്കുന്നത്.ഇത് വഴി യാത്രക്കാർക്ക് ഏറെ ഭീഷണിയാവുകയുമാണ്.കാൽനടയായും ടൂ വീലറിലും ഇത് വഴി കടന്ന് പോകുന്നവരെയാണ് ഇത് കൂടുതലായി ബാധിക്കുന്നതും.വാഹനം വരുമ്പോൾ കാൽ നട യാത്രക്കാർക്ക് റോഡരുകിലേക്ക് മാറി നിൽക്കാൻ പോലും കഴിയാത്ത വിധമാണ് ഇതെല്ലാം കൂട്ടിയിട്ടിരിക്കുന്നത്.വൈദ്യുതി കേബിൾ ചുറ്റി വന്ന വലിയ ചക്രങ്ങൾ റോഡരുകിൽ തളളിയിരിക്കുന്നതാണ് ഏറെ പ്രശ്നങ്ങളാവുന്നത്.ചില സ്ഥലങ്ങളിലെ ചക്രങ്ങൾ ദ്രവിച്ച് റോഡിലേക്കും സ്വകാര്യ വ്യക്തികളുടെ പറമ്പിലേക്കും വീണ് കിടക്കുന്നുമുണ്ട്.മഴ പെയ്ത് ചക്രത്തിന്റെ പലക ദ്രവിച്ച് ഇരുമ്പ് കമ്പി പുറത്തേക്ക് തളളിയിരിക്കുന്നതും ഇത് വഴിയുളള യാത്രക്കാർക്ക് ഭീഷണിയാവുകയാണ്.രാത്രി കാലങ്ങളിൽ റോഡിൽ വൈദ്യുതി വെളിച്ചം കുറവായതിനാൽ വാഹനങ്ങൾ അപകടത്തിൽ പെടാൻ സാദ്ധ്യതയും ഏറെയാണ്.പരാതികൾ ഉയർന്നതിനെ തുടർന്ന് മലങ്കര പ്രദേശത്തുളള പാഴ് വസ്തുക്കൾ പൂർണ്ണമായും റോഡരുകിൽ നിന്ന് നീക്കം ചെയ്തെങ്കിലും മുട്ടം പൊലീസ് സ്റ്റേഷൻ,കോടതിക്കവല,കോടതി റോഡ് ഇവിടങ്ങളിൽ തളളിയിരിക്കുന്ന വലിയ ചക്രങ്ങൾ നീക്കം ചെയ്യാൻ കെ എസ് ഇ ബി തയ്യാറായിട്ടില്ല.പൊതുമരാമത്ത് വകുപ്പിന്റെ സംസ്ഥാന പാതയോരത്താണ് ജനത്തിന് ഭീഷണിയായി പാഴ് വസ്തുക്കൾ തളളിയിരിക്കുന്നത് ,എന്നതിനാൽ പൊതുമരാമത്ത് വകുപ്പിന് പ്രശ്നത്തിൽ ഇടാപെടാൻ കഴിയുമെങ്കിലും ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ല എന്ന ഭാവത്തിലാണ് പൊതുമരാമത്ത് വകുപ്പും. കോടതി നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥർ അവഗണിക്കുന്നു. മുട്ടം മുതൽ തൊടുപുഴ വരെയുളള വർദ്ധിച്ച് വരുന്ന റോഡപകടങ്ങൾ കുറക്കുന്നതിന് ജില്ലാ ജഡ്ജി ചെയർമാനായ ലീഗൽ സർവ്വീസ് അതോറിറ്റിയുടേയും അദാലത്ത് കോടതിയുടേയും നടപടികളേയും നിർദ്ദേശങ്ങളേയും അവഗണിക്കുന്ന പ്രവർത്തികളാണ് കെ എസ് ഇ ബി യുടേയും പൊതു മരാമത്ത് വകുപ്പ് അധികൃതരുടേയും ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്.കെ എസ് ഇ ബി,വാട്ടർ അതോറിറ്റി,പൊതുമരാമത്ത് വകുപ്പുകളുടെ ഉപയോഗ ശൂന്യമായ മുട്ടം - തൊടുപുഴ റൂട്ടിൽ തളളിയിരിക്കുന്ന പാഴ് വസ്തുക്കൾ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് ലീഗൽ സർവ്വീസ് അതോറ്റിയും ലോക് അദാലത്ത് കോടതിയും ഏതാനും ദിവസങ്ങൾക്ക് മുൻപ് ബന്ധപ്പെട്ടവർക്ക് ഉത്തരവ് നൽകിയിട്ടുളളതാണ്.