മൂന്നാർ: കനത്ത മഴയിൽ ദേവികുളം ഗ്യാപ്പ് റോഡിൽ വീണ്ടും മലയിടിഞ്ഞ് ടിപ്പർ ലോറിയിൽ പതിച്ച് മൂന്ന് പേർക്ക് പരിക്ക്. രണ്ട് പേരെ കാണാതായി സംശയം. ടിപ്പർലോറി ഡ്രൈവർ പെരിന്തൽമണ്ണ സ്വദേശി സുബൈർ (35), റോഡിൽ സിഗ്നൽ നൽകാൻ തമിഴ്‌നാട് വത്തലഗുണ്ട് സ്വദേശി പാൽരാജ്, ചിന്നൻ എന്നിവർക്കാണ് പരിക്കേറ്റത്. കാലിന് നിസാര പരിക്കേറ്റ സുബൈറിനെ രാജകുമാരിയിൽ സ്വകാര്യ ആശുപത്രിയിലും പാൽരാജിനെയും ചിന്നനെയും മൂന്നാറിൽ ടാറ്റാ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ പാൽരാജിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഇവിടെ നിന്ന് മാറ്റി. ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. റോഡിലെ കല്ല് പൊട്ടിച്ചുനീക്കുന്ന ജോലികളാണ് നടന്നിരുന്നത്. ഉച്ചയ്ക്ക് ഒന്നര മുതൽ ഒരു മണിക്കൂറോളം പ്രദേശത്ത് കനത്ത മഴയായിരുന്നു. മഴ ശമിച്ച് ഒരു മണിക്കൂറിന് ശേഷം മുമ്പ് ഇടിഞ്ഞ മലയിലെ അവശേഷിച്ചിരുന്ന പാറക്കൂട്ടവും മണ്ണും താഴേയ്ക്ക് പതിക്കുകയായിരുന്നു. ദേശീയപാതാ ജോലികളിൽ ഏർപ്പെട്ടിരുന്ന ടിപ്പർ ലോറി പാറ വീണ് പൂർണമായി തകർന്നു. തമിഴ്നാട് സ്വദേശികളായ വോൾവോ ക്രെയിൻ ഓപ്പറേറ്ററെയും സഹായിയെയുമാണ് കാണാതായത്. ഇവർ ജോലി നിറുത്തി സ്ഥലത്തുനിന്നും മടങ്ങിപ്പോയോ എന്ന് വ്യക്തമല്ല. ഇരുവരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഒഫ് ആയതിനാൽ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. കൂടുതൽ വാഹനങ്ങൾ മലയിടിച്ചിലിൽ അകപ്പെട്ടിട്ടുണ്ടോ എന്നും വ്യക്തമല്ല. കനത്ത മൂടൽമഞ്ഞും മഴയും ഇരുട്ടും നിലനിൽക്കുന്നതിനാൽ അപകടത്തിന്റെ വ്യാപ്തി വ്യക്തമല്ല. പ്രതികൂല കാലാവസ്ഥയെ അവഗണിച്ചുകൊണ്ട് പാറയും മണ്ണും നീക്കി തിരച്ചിൽ നടത്താൻ തുടങ്ങിയിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഗ്യാപ്പ് റോഡിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു. ജൂലായ് 29ന് വലിയ തോതിൽ ഗ്യാപ് റോഡിൽ മലയിടിച്ചിലുണ്ടായതിനെ തുടർന്ന് കഴിഞ്ഞ മാസം വരെ ഇതുവഴിയുള്ള ഗതാഗം നിരോധിച്ചിരുന്നു.