തൊടുപുഴ: ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാത്തവരോടാണ് തനിക്ക് കൂടുതൽ ഇഷ്ടമെന്ന് നടൻ ഇന്നസെന്റ്. തോറ്റാൽ താൻ ഇനിയും സിനിമയിൽ അഭിനയിക്കുമെന്നും അപ്പോൾ കൂടുതൽ തമാശ കേൾക്കാമെന്നും കരുതിയവരാണ് തനിക്ക് വോട്ട് ചെയ്യാത്തതെന്ന് അദ്ദേഹം പറഞ്ഞു. മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്ക് വിസ്മയ ആർട്‌സ് ആൻഡ് വെൽഫയർ അസോസിയേഷൻ നൽകുന്ന നാലാമത് സത്യൻ പുരസ്‌കാരം ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം.

''കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ഞാൻ വിചാരിച്ചത് ജയിക്കുമെന്നാണ്. തിരഞ്ഞെടുപ്പ് ഫലം ഭാര്യയ്ക്കും പാർട്ടി പ്രവർത്തകർക്കുമൊപ്പം ടി.വിയിൽ കാണുകയാണ്. ഞാൻ താഴേക്കും എന്റെ എതിർസ്ഥാനാർത്ഥി മുകളിലേക്കും പോകുന്നു. കൊടുങ്ങല്ലൂരെണ്ണുമ്പോൾ നമ്മൾ കയറുമെന്ന് കൂടെയുള്ളവർ പറഞ്ഞു. അത് കഴിഞ്ഞിട്ടും താഴേക്ക് തന്നെയാ പോണേ. അതോടെ ഞാൻ മറ്റുള്ള സ്ഥലങ്ങളിലെ അവസ്ഥ നോക്കി. തൃശൂരും നമ്മൾ താഴേക്കാ. അപ്പോൾ എനിക്ക് ചെറിയ സന്തോഷായി. പിന്നെ ഞാൻ പാലക്കാട് നോക്കി. അവിടെയും താഴേക്ക് തന്നെയാ. പിന്നെ അവിടന്ന് പടക്കം പൊട്ടണ പോലെ ഠേ...ന്ന് 19 എണ്ണവും താഴെ പോയി. പിന്നെ ആകെയുള്ള വിഷമം ആ ആരിഫ് ജയിച്ചതാ. നമ്മുടെ പാർട്ടിയിലെ മുഴുവൻ ആളുകളും ജയിച്ചിട്ട് പിന്നെ ഞാൻ തോറ്റാൽ ആത്മഹത്യ ചെയ്താൽ പോരെ. ഈ കഴിഞ്ഞ അഞ്ച് വർഷം എത്ര സിനിമയും കാശുമാ എന്റെ പോയതെന്ന് അറിയുമോ. രാഷ്ട്രീയക്കാരെ കളിയാക്കി സിനിമയിൽ അഭിനയിച്ചതിന് ശിക്ഷയായി ദൈവം തന്നതാണ് എം.പി സ്ഥാനം"- ഇന്നസെന്റ് പറഞ്ഞു. പി.ജെ. ജോസഫ് എം.എൽ.എ. പുരസ്‌കാരം വിതരണം ചെയ്തു. 150 സിനിമകൾ പൂർത്തീകരിച്ച ലൊക്കേഷൻ മാനേജർ ദാസ് തൊടുപുഴയെ ചടങ്ങിൽ ആദരിച്ചു. നഗരസഭ ചെയർപേഴ്സൺ ജെസി ആന്റണി, ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.എൻ. ബാബു,​ വിസ്മയആർട്സ് ആന്റ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികളായ ജോയി വാഴക്കുളം, പി.ജി. സനൽകുമാർ, വിജയകുമാർ, ബിജു കാഞ്ഞാർ എന്നിവർ സംസാരിച്ചു.