തൊടുപുഴ: കാർ ടാങ്കർ ലോറിയിൽ തട്ടിയതിനെ ചൊല്ലി യുവാക്കൾ ലോറി ഡ്രൈവറെ മർദിക്കുകയും തടയാൻ ചെന്ന നാട്ടുകാരെ തങ്ങൾ പൊലീസുകാരാണെന്ന് പറഞ്ഞ് അസഭ്യം പറഞ്ഞതായി പരാതി. ഇന്നലെ വൈകിട്ട് കാഞ്ഞിരമറ്റം ബൈപാസ് ജംഗ്ഷനിലായിരുന്നു സംഭവം. യുവാക്കൾ വന്ന കാർ ടാങ്കർ ലോറിയിൽ തട്ടുകയായിരുന്നെന്നും തുടർന്ന് യുവാക്കൾ ലോറി ഡ്രൈവറെ മർദിക്കുകയായിരുന്നെന്നും നാട്ടുകാർ പറയുന്നു. തങ്ങൾ പൊലീസുകാരാണെന്നും എസ്‌.ഐ ബന്ധുവാണെന്നും യുവാക്കൾ നാട്ടുകാരോടു പറഞ്ഞു. ഇതിനിടെ നാട്ടുകാരെയും ഇവർ ഭീഷണിപ്പെടുത്തി. തുടർന്നു നാട്ടുകാർ ഇവരെ തടഞ്ഞു വയ്ക്കുകയായിരുന്നു. ഇതിനിടെ പൊലീസ് സ്ഥലത്ത് എത്തി. പൊലീസ് സംഘം നോക്കി നിൽക്കെ യുവാക്കൾ നാട്ടുകാരെ അസഭ്യം പറയാനും കൈയേറ്റം ചെയ്യാനും ശ്രമിച്ചു. തുടർന്ന് നാട്ടുകാർ ഇവർ വന്ന വാഹനത്തിൽ തന്നെ തൊടുപുഴ സ്റ്റേഷനിലേക്ക് കൊണ്ടു പോയി. സംഭവത്തെ തുടർന്ന് ബൈപാസിൽ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.