തൊടുപുഴ: കൊച്ചി- ധനുഷ്‌കോടി ദേശീയപാത വികസനത്തിനായി മൂന്നാർ ഗ്യാപ് റോഡിൽ പാറ ഖനനം നടത്തുന്നത് അശാസ്ത്രീയമായും വ്യവസായിക ലക്ഷ്യത്തോടെയുമാണോയെന്നത് അന്വേഷിക്കണമെന്ന് ഗ്രീൻ എർത്ത് മൂവ്‌മെന്റ് ആവശ്യപ്പെട്ടു. വലിയ തോതിലുള്ള പാറ ഖനനമാണ് ഗ്യാപ് റോഡിൽ നിരന്തരം അപകടം ക്ഷണിച്ച് വരുത്തുന്നതിന് കാരണമാകുന്നത്. ഈ സ്ഥിതി തുടർന്നാൽ ഒരു പ്രദേശം അപ്പാടെ അപ്രത്യക്ഷമാകാനുള്ള സാധ്യത തള്ളികളയാനാകില്ല. ഇനിയും പാറ ഖനനം ചെയ്യുന്നത് പാരിസ്ഥിതിക ആഘാത പഠനം നടത്തിയ ശേഷമാകണം. റോഡ് വീതി കൂട്ടുന്നതിനായി പാറ പൊട്ടീച്ച് നീക്കുന്നതിന്റ മറവിൽ ഖനനം നടത്തുന്നുവെന്നാണ് ആരോപണം. മാസങ്ങളായി ഇവിടെ ഖനനം നടക്കുന്നുണ്ട്. ഇതിനോടകം പലതവണ അപകടമുണ്ടായി. എത്ര പാറ പൊട്ടിക്കാനാണ് അനുമതിയെന്നും ഇതിനോടകം എത്ര പൊട്ടിച്ചുവെന്നും പരസ്യപ്പെടുത്തണം. പാറ പൊട്ടിക്കുന്നതിന് നൽകിയ പാരിസ്ഥിതികാനുമതി, കരാർ വ്യവസ്ഥ എന്നിവയും പരസ്യപ്പെടുത്തണം. ഇവിടെ നിന്നുള്ള പാറ ഖനനം ചെയ്ത് മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ട് പോകുന്നുവെന്ന ആരോപണമുണ്ടെന്നും ഗ്രീൻ എർത്ത് മൂവ്‌മെന്റ് സെക്രട്ടറി എം.ജെ. ബാബു പറഞ്ഞു.