തൊടുപുഴ: ജില്ലയിൽ ജനജീവിതം അസാധ്യമാക്കുന്ന ആഗസ്റ്റ് 22ലെ വിവാദ ഉത്തരവ് പിൻവലിക്കുക, കാലഹരണപ്പെട്ട 1964ലെ ഭൂമി പതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ശക്തമായ സമരം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആദ്യഘട്ടമായി ഒക്ടോബർ 23ന് കളക്ടറേറ്റിന് മുമ്പിൽ ഉപവാസ സമരം നടത്തും. 1964ലെ ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരവും 1993ലെ പ്രത്യേക ചട്ടമനുസരിച്ചും ജില്ലയിൽ പതിച്ചു നൽകിയിട്ടുള്ള ഭൂമിയിൽ വീടുകളൊഴികെയുള്ള എല്ലാ നിർമാണങ്ങളും അനധികൃതമാണെന്നും സർക്കാർ ഏറ്റെടുക്കുമെന്നും ഇനി വീടുകളൊഴികെ യാതൊരു നിർമാണങ്ങളും ജില്ലയിൽ അനുവദിക്കില്ലെന്നുമാണ് സർക്കാർ ഉത്തരവ്. സർക്കാർ ഭൂമി കൈയേറിയുള്ള അനധികൃത നിർമാണങ്ങൾ തടയാനെന്ന പേരിൽ ഇറക്കിയിട്ടുള്ള ഉത്തരവ് 1964ലെ ഭൂമിപതിവ് ചട്ടങ്ങളും 1993ലെ പ്രത്യേക ചട്ടങ്ങളും അനുസരിച്ച് പട്ടയം ലഭിച്ചിട്ടുള്ള ജില്ലയിലെ മുഴുവൻ സ്ഥലമുടമകളുടെയും നിലനിൽപ്പു തന്നെ അപകടത്തിലാക്കിയിരിക്കുകയാണ്. കേരളത്തിലാകെ ഈ നിയമപ്രകാരം പട്ടയം നൽകിയിട്ടുണ്ടെന്നിരിക്കെ ഇടുക്കിക്ക് മാത്രമായി ഉത്തരവിറക്കിയത് ഇവിടത്തെ ജനങ്ങളോടുള്ള കടുത്ത വിവേചനമാണ്. സംസ്ഥാന രൂപീകരണത്തിനുശേഷം പ്രധാനമായി ഭൂമി പതിച്ചു നൽകിയിട്ടുള്ളത് 1960ലെ ഭൂമി പതിവ് നിയമത്തിൻ കീഴിലുണ്ടാക്കിയ 1964ലെ ചട്ടങ്ങൾ വഴിയാണ്. ഇതിന്റെ ചുവടുപിടിച്ചാണ് ജോയിന്റ് വേരിഫിക്കേഷൻ നടത്തി 1993ലെ പ്രത്യേക ചട്ടങ്ങൾ പ്രകാരവും പട്ടയം നൽകിയിട്ടുള്ളത്. 1993ലെ പ്രത്യേക ചട്ടങ്ങളിൽ ഷോപ്പ് സൈറ്റ് എന്നു കൂടി വ്യവസ്ഥയുണ്ട്. ഇത്തരം പട്ടയഭൂമിയിലെല്ലാം നടന്നിട്ടുള്ള നിർമാണങ്ങൾ കൃഷിക്കും വീട് നിർമിക്കുന്നതിനും എന്ന പട്ടയ വ്യവസ്ഥയുടെ ലംഘനമാണെന്ന് ആരോപിച്ചാണ് പുതിയ ഉത്തരവ് ഇറക്കിയിട്ടുള്ളത്. ഒരാൾക്ക് നാലേക്കർ വരെ ഭൂമിക്ക് പട്ടയം ലഭിക്കാൻ അർഹതയുണ്ടായിരുന്നതും ഇപ്രകാരം പട്ടയം ലഭിച്ച ഭൂമിയിൽ വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങൾ, സ്‌കൂളുകൾ, കോളജുകൾ, ആശുപത്രികൾ, ആരാധാനാലയങ്ങൾ, പെട്രോൾ പമ്പുകൾ, സ്റ്റേഡിയങ്ങൾ, ബസ് സ്റ്റാൻഡുകൾ, ആഡിറ്റോറിയങ്ങൾ, ചെറുകിട വ്യവസായ യൂണിറ്റുകൾ തുടങ്ങിയവ നിർമിച്ചു. ഈ നിർമാണങ്ങളെല്ലാം സർക്കാർ സംവിധാനങ്ങളുടെ അനുമതിയോടെയായിരുന്നു. ഇടുക്കി ഉൾപ്പെടെ വിവിധ ജില്ലകളിൽ 1977ന് മുമ്പ് മുതൽ കൈവശത്തിലിരിക്കുന്നതും പട്ടയത്തിന് അർഹതയുണ്ടായിട്ടും പട്ടയം ലഭിക്കാതിരിക്കുന്നതുമായ ഭൂമിയുള്ള ആയിരക്കണക്കിന് ആളുകളുണ്ട്.കോടതി ഉത്തരവ് പ്രകാരമാണ് ഉത്തരവിറക്കിയതെന്ന് സർക്കാർ പറയുമ്പോൾ ആഗസ്റ്റ് 22ലെ ജനവിരുദ്ധമായ സർക്കാർ ഉത്തരവ് അനിവാര്യമാക്കുന്ന യാതൊരുവിധ കോടതി ഉത്തരവും നിലവിലില്ല എന്നതാണ് യാഥാർത്ഥ്യം. കളക്ടറേറ്റിനു മുന്നിലെ സമരത്തിനു മന്നോടിയായി 15 മുതൽ 18 വരെ ജില്ലയിൽ നടക്കുന്ന രണ്ടു വാഹന പ്രചാരണ ജാഥകൾ കട്ടപ്പനയിൽ സമാപിക്കും. 23ന് സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീൻ ഉപവാസ സമരം ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ.എൻ. ദിവാകരൻ ഭാരവാഹികളായ സണ്ണി പൈമ്പിള്ളിൽ, കെ.ആർ. വിനോദ്, പി.എം. ബേബി, ആർ. രമേശ്, കെ.എൻ. രാജു, നാസർ സൈര എന്നിവർ പങ്കെടുത്തു.