കുമളി : ഡ്രൈവമാരുടെ ക്ഷാമത്തെത്തുടർന്ന് പാലാ ഡിപ്പോ ഓപ്പറേറ്റ് ചെയ്യുന്ന പാലാ-ശാന്തമ്പാറ ബസ് സർവ്വീസ് മുടക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ഉച്ചക്ക് 1.45 ന് പാലായിൽ നിന്ന് പുറപ്പെട്ട് തൊടുപുഴ, നേര്യമംഗലം, അടിമാലി, കുഞ്ചിത്തണ്ണി, രാജാക്കാട്, രാജകുമാരി, പൂപ്പാറ വഴി ശാന്തമ്പാറയിലെത്തുന്ന സർവ്വീസ് പിറ്റേന്ന് രാവിലെ 4.15ന് ശാന്തമ്പാറയിൽ നിന്ന് പുറപ്പെട്ട് യൂണിവേഴ്സിറ്റി, മെഡിക്കൽ കേളേജ് വഴി രാവിലെ 10 മണിക്ക് കോട്ടയത്ത് എത്തിച്ചേർന്നിരുന്നു. പൂപ്പാറ ,രാജാക്കാട് തുടങ്ങിയ ഹൈറേഞ്ച് മേഖലയിലെ സാധാരണക്കാർക്ക് യൂണിവേഴ്സിറ്റിയിലും മെഡിക്കൽ കോളേജിലുമെത്താനുള്ള ഏക ബസ് സർവ്വീസാണ് മുടങ്ങിയത് .പുലർച്ചെ മഞ്ഞും തണുപ്പും സഹിച്ച് ബസ് കാത്തിരിക്കുന്നവരോടുള്ള കടുത്ത ദ്രോഹമാണ് കെ.എസ്.ആർ.ടി.സി നടത്തുന്നത്: ഈ സർവ്വീസിന്റെ പകുതി കളക്ഷൻ ഉള്ള സർവ്വീസുകൾ ഓടിക്കുമ്പോഴാണ് ഡ്രൈവറില്ല എന്ന കാരണത്താൽ ഏറെ യാത്രക്കാരുടെ പ്രതീക്ഷയായ ഈ സർവ്വീസ് മുടക്കുന്നത്.