തൊടുപുഴ:തൊടുപുഴ ഉപജില്ലാ ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര, പ്രവർത്തിപരിചയമേളകളിൽ തൊടുപുഴ സെന്റ്.സെബാസ്റ്റ്യൻസ് യു.പി സ്‌കൂളിന് ഉജ്ജ്വല വിജയം. യു.പി വിഭാഗം സാമൂഹ്യശാസ്ത്രമേളയിലും, ശാസ്ത്രമേളയിലും, പ്രവർത്തിപരിചയമേളയിലും ഗണിതശാസ്ത്രമേളയിലും ഓവറോൾ ഒന്നാം സ്ഥാനംനേടി. എൽ.പി വിഭാഗത്തിൽ സാമൂഹ്യശാസ്ത്രമേളയിൽ ഒന്നാം സ്ഥാനവും, ശാസ്ത്രമേളയിലും, ഗണിതശാസ്ത്രമേളയിലും, പ്രവർത്തിപരിചയമേളയിലും ഓവറോൾ രണ്ടാം സ്ഥാനവുംനേടി. ഐ.ടിമേളയിൽ ഓവറോൾ മൂന്നാം സ്ഥാനവുംനേടി.ശാസ്ത്രമേളയിൽ കുട്ടികൾ അവതരിപ്പിച്ച ''ആന്റിബയോട്ടിക്കിന്റെ ഗുണങ്ങളും,ദോഷങ്ങളും'' എന്നപ്രോജക്റ്റും, ''വൈദ്യുതരഹിത അലക്കുയന്ത്രവും'', ഫാക്ടറികളിലെ ''വേസ്റ്റ് വാട്ടർ റീസൈക്ക്ളിങ്ങ്‌മോഡലും'' പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. തൊടുപുഴ ഉപജില്ലയിലെ 95 ഓളം സ്‌കൂളുകളോട് മത്സരിച്ചാണ് സെന്റ്.സെബാസ്റ്റ്യൻസ് യു.പി സ്‌കൂൾ മികച്ചനേട്ടം കൈവരിച്ചത്. സ്‌കൂളിൽ സംഘടിപ്പിച്ച അനുമോദനയോഗത്തിൽ ഹെഡ്മാസ്റ്റർ ജെയ്സൺജോർജ്ജ്, സ്‌കൂൾ മാനേജർ ഫാ.ഡോ.ജിയോ തടിക്കാട്ട് എന്നിവർ കുട്ടികളെ അനുമോദിച്ചു.