കട്ടപ്പന: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ ആദ്യഭർത്താവ് റോയ് തോമസിന്റെ ദേഹത്ത് നിന്ന് കണ്ടെത്തിയ ഏലസ് പൂജിച്ച് നൽകിയതെന്ന് കരുതുന്ന കട്ടപ്പന സ്വദേശിയായ ജോത്സ്യൻ ഒളിവിൽ.

'പുട്ടിസാമി 'എന്നറിയപ്പെടുന്ന ജോത്സ്യൻ കൃഷ്ണകുമാറിനെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്. ഇയാൾ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതായി സംശയമുണ്ട്.. രാവിലെ ടി.വിയിൽ വാർത്ത കണ്ട ശേഷം വീട്ടിൽ നിന്ന് പോയെന്നാണ് കൃഷ്ണകുമാറിന്റെ അച്ഛൻ പറഞ്ഞത്. ജോളിയെയോ മരിച്ച റോയിയോ അറിയില്ലെന്നും റിട്ട. വില്ലേജ് ഓഫീസ് ജീവനക്കാരനായ പിതാവ് പറഞ്ഞു.

എന്നാൽ ജോളിയും റോയ് തോമസും ജ്യോത്സനെ പലവട്ടം സമീപിച്ചിരുന്നെന്നാണ് സൂചന. പകൽ സമയങ്ങളിൽ അധികം പുറത്തിറങ്ങാത്ത ജോത്സ്യൻ വൈകിട്ട് ഏഴ് മണിയോടെ തിളങ്ങുന്ന വസ്ത്രങ്ങളും സ്വർണാരണങ്ങളുമണിഞ്ഞ് അമിതമായി മേക്കപ്പിട്ട് കട്ടപ്പന ടൗണിൽ വരാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. അങ്ങനെയാണ് പുട്ടിസാമി എന്ന പേര് വീണത്. നാട്ടിൽ അധികം പേരുമായി ബന്ധമില്ലാത്ത ഇയാളെ കാണാനെത്തുന്നവരിലധികവും അന്യനാട്ടുകാരാണ്. കട്ടപ്പന ടൗണിൽ തന്നെയുള്ള വീടിന്റെ ഒരു മുറിയിലാണ് പൂജകളും മറ്റും ചെയ്യുന്നത്. ഈ വീടിനോട് ചേർന്ന് വർഷങ്ങളായി വലിയൊരു വീട് പണിയുന്നുണ്ടെങ്കിലും പൂർത്തിയായിട്ടില്ല.അവിവാഹിതനാണ്.

കട്ടപ്പനക്കാരുടെ

പാവം പെൺകുട്ടി

ഇംഗ്ലീഷ് ത്രില്ലർ സിനിമകളെ വെല്ലുന്ന കൊലപാതക പരമ്പരയിലെ വിവാദനായിക ജോളി കട്ടപ്പനക്കാരുടെ പാവം പെൺകുട്ടിയായിരുന്നു. അറസ്റ്റിന് രണ്ടാഴ്ച മുമ്പും ജോളി കട്ടപ്പനയിലെ വീട്ടിലെത്തിയിരുന്നു.

ഇടുക്കി വാഴവരയിൽ റേഷൻകട നടത്തിയിരുന്ന ചോറ്റയിൽ ജോസഫിന്റെ ആറുമക്കളിൽ അഞ്ചാമത്തെയാളാണ് ജോളി. ഇടുക്കി വാഴവരയിൽ നിന്ന് നാല് വർഷം മുമ്പാണ് കുടുംബം കട്ടപ്പന വലിയകണ്ടത്തേക്ക് താമസം മാറിയത്. സാമ്പത്തികമായി നല്ല നിലയിൽ കഴിയുന്ന കുടുംബം നാട്ടുകാരുമായി വലിയ ബന്ധം പുലർത്തിയിരുന്നില്ല. ജോളി അദ്ധ്യാപികയാണെന്നായിരുന്നു നാട്ടിൽ പറഞ്ഞിരുന്നത്. കൊല്ലപ്പെട്ട റോയിയുടെ അമ്മയുടെ സഹോദരൻ മഞ്ചാടിയിൽ മാത്യുവിന്റെ വീട്ടിൽ ഒരു വിവാഹവുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് ജോളി റോയിയെ പരിചയപ്പെടുന്നതും ഇഷ്ടത്തിലാകുന്നതും. തുടർന്ന് ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. പിന്നീട് റോയിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് ഇതേ മാത്യുവിനെ ജോളി കൊലപ്പെടുത്തി.

പാലായിലെ പാരലൽ കോളേജിലാണ് ജോളി ബി.കോം പഠിപ്പിച്ചത്. എല്ലാവരോടും നന്നായി ഇടപഴകുന്ന ജോളിക്ക് അന്നേ ചെറിയ കള്ളത്തരങ്ങളൊക്കെ ഉണ്ടായിരുന്നതായി സഹപാഠികൾ ഓർക്കുന്നു. പാലായിലെ പ്രമുഖ വിമൻസ് കോളേജിലാണ് പഠിക്കുന്നതെന്നായിരുന്നു നാട്ടിൽ പറഞ്ഞിരുന്നത്. ചെറുപ്പത്തിൽ ജോളി ഇഷ്ടമുള്ള സാധനം വാങ്ങാനായി അച്ഛന്റെ പോക്കറ്റിൽ നിന്ന് പണമെടുത്തതടക്കമുള്ള ചെറിയ മോഷണകഥകൾ നാട്ടുകാർ ഓർക്കുന്നുണ്ട്. എങ്കിലും ഇന്ന് മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകളൊന്നും അവർക്ക് വിശ്വസിക്കാനാകുന്നില്ല.