മൂലമറ്റം: കുടുംബശ്രീ പദ്ധതിയുടെ ഭാഗമായിട്ടുള്ള സ്നേഹിതയുടെ അറക്കുളം പഞ്ചായത്ത് കമ്യൂണിറ്റി കൗൺസിലർ പ്രിൻസി ജോണിന്റെ ബാഗ് കട്ടപ്പനയിലേയ്ക്കുള്ള യാത്രാമദ്ധ്യേ കുളമാവ് മുത്തിയുരുണ്ടയാർ വെച്ച് നഷ്ടപ്പെട്ടത് തിരികെ ലഭിച്ചു.കുടുബവുമൊന്നിച്ച് കട്ടപ്പനയ്ക്ക് കാറിൽ പോകുന്നതിനിടെ വഴിയിൽ വിശ്രമത്തിനായി കാർ നിർത്തിയപ്പോൾ ബാഗ് കാറിന് മുകളിൽ വെച്ചു.പിന്നീട് യാത്ര തുടർന്നപ്പോൾ ബാഗ് എടുക്കാൻ മറക്കുകയും ബാഗ് റോഡിൽ വീഴുകയും ചെയ്തു.റോഡിൽ വീണ് കിടന്ന ബാഗ് കാറിന്റെ പിന്നാലെ ബൈക്കിൽ വരുകയായിരുന്ന വൈക്കം പെരുംകറുകയിൽ സാബുവിന് വഴിയിൽക്കിടന്ന് കിട്ടി. വിലയേറിയ രേഖകളും പണവും മൊബൈൽ ഫോണും ബാഗിലുണ്ടായിരുന്നു. ഫോണിലേക്ക് വിളിച്ച പ്രിൻസിയോട് ബാഗ് സുരക്ഷിതമായി തന്റെ കൈവശം ഉണ്ടെന്ന് സാബു അറിയിച്ചു.വൈക്കം സ്വദേശിയായ സാബു തടിയമ്പാടുള്ള ഭാര്യാ വീട്ടിലേക്ക് പോകും വഴിയാണ് ബാഗ് കിട്ടിയത്.പിന്നീട് ബാഗ് സാബു പ്രിൻസിക്ക് കൈമാറി.