അടിമാലി: കൊച്ചി - ധനുഷ്‌കോടി ദേശിയപാതയിൽ മൂന്നാർ ലോക്കാട് ഗ്യാപ്പ് റോഡിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ രണ്ട് പേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് ദിണ്ഡുകൽ സ്വദേശി ഉദയന്റെ (19) മൃതദേഹമാണ് കണ്ടെടുത്തത്. അപകടത്തിൽ അകപ്പെട്ടെന്ന് കരുതുന്ന തമിഴ്നാട് കൃഷ്ണപുരം കുന്നത്തൂർ സ്വദേശി തമിഴരസ്സിന് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.

ചൊവ്വാഴ്ച്ച വൈകിട്ട് 5 മണിയോടെയായിരുന്നു മലയിടിച്ചിൽ ഉണ്ടായത്. എതാനും മാസങ്ങൾക്ക് മുമ്പ് മലയിടിച്ചിൽ ഉണ്ടായ ഭാഗത്ത് ശേഷിച്ച കല്ലും മണ്ണും ഇളകി ദേശിയപാതയിലേക്ക് പതിക്കുകയായിരുന്നു. രാജാക്കാട്, ശാന്തൻപാറ, മൂന്നാർ, ദേവികുളം തുടങ്ങിയ ഇടങ്ങളിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരും അഗ്നി രക്ഷാസേനയും തെരച്ചിലിൽ നടത്തുന്നുണ്ട്.

ജെ.സി.ബി ക്ലീനർ ആയിരുന്നു മരിച്ച ഉദയൻ. അപകടം നടന്ന സ്ഥലം ജില്ലാ പൊലീസ് മേധാവി ടി നാരായണൻ സന്ദർശിച്ചു. മരണപ്പെട്ട ഉദയനും കാണാതായ തമിഴരസ്സിനുമൊപ്പം പട്ടാമ്പി സ്വദേശിയായ ടിപ്പർ ഡ്രൈവർ സുബൈർ, ജെ.സി.ബി ഓപ്പറേറ്റർ വത്തൽ ഗുണ്ട് സ്വദേശി പാൽരാജ് എന്നിവരും അപകടത്തിൽപ്പെട്ടിരുന്നു. ഇവരെ സഹപ്രവർത്തകർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു.
രണ്ട് ടിപ്പർ ലോറികൾ കല്ലുകൾക്കിടയിൽപ്പെട്ട് പൂർണ്ണമായി തകർന്നു. ചൊവ്വാഴ്ച്ച ഉച്ചമുതൽ സംഭവ സ്ഥലത്ത് പെയ്ത കനത്ത മഴയാണ് വീണ്ടും മലയിടിച്ചിലിന് ഇടയാക്കിയത്. അഞ്ഞൂറ് അടിയിലധികം ഉയരമുള്ള മലമുകളിൽ നിന്ന് പാറക്കല്ലുകൾ താഴേക്ക് പതിച്ചതോടെ ദേശിയപാതയിലൂടെയുള്ള വാഹനഗതാഗതവും നിലച്ചു.